കൊച്ചി: കടലും കരയും ചേര്‍ന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഭാരതത്തിന്റെ അതിര്‍ത്തി മേഖലയുടെ കാവല്‍ക്കാരാണ് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘമെന്ന് സീമാ ജാഗരണ്‍മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം 22-ാമത് സംസ്ഥാന സമ്മേളനം എറണാകുളം, എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മണ്ണില്‍ കടലോരത്തും കായലോരത്തും പുഴയോരത്തും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പാരമ്പര്യ സമൂഹങ്ങളെ സംഘടിപ്പിച്ച്, അവരുടെ സാമ്പത്തികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം നമ്മുടെ ഭാരതവര്‍ഷത്തെപറ്റി അഭിമാനം കൊള്ളുകയും അതിന്റെ സുരക്ഷയെപറ്റി ജാഗ്രതയുള്ളവരുമായി നില്‍ക്കാനുള്ള ഭാരതമാകമാനമുള്ള കടലോരമേഖലയിലെ സന്താനങ്ങളുമായി കോര്‍ത്ത് നിര്‍ത്താനുള്ള ഒരു പരിശ്രമമാണ് സംഘടന നടത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഭാരതത്തിന്റെ ദേശീയ സുരക്ഷയ്‌ക്കും പൈതൃക സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘമെന്നും അദ്ദേഹം പറഞ്ഞു.
15,000 കിലോമീറ്റര്‍ കര അതിര്‍ത്തിയും ദീപസമൂഹങ്ങളടക്കം 7000 കിലോമീറ്റര്‍ വരുന്ന ഒരതിര്‍ത്തികൂടി കാക്കുന്നവരാണ് നമ്മള്‍ എന്നനിലയിലാണ് മത്സ്യ പ്രവര്‍ത്തകസംഘം ഇന്ന് അഖില ഭാരതീയ തലത്തിലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. വിവിധ കച്ചവടങ്ങള്‍ നടത്തി വലിയൊരു സമ്പത്തിന്റെ, സംസ്‌കാരത്തിന്റെ ഉടമകളായിരുന്ന ഈ സമൂഹം വളരെ അഭിവൃദ്ധി പ്രാപിച്ച സമൂഹമായിരുന്നു, അദ്ദേഹം പറഞ്ഞു.
മത്സ്യ പ്രവര്‍ത്തനമേഖലയില്‍ തൊഴില്‍ചെയ്യാന്‍ സാധിക്കാത്തനിരവധി പ്രതിസന്ധികള്‍ ഉണ്ട്. മത്സ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സംഘടിത ശക്തിയില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നമുക്ക് വേണ്ടി സംസാരിക്കാന്‍ കഴിയുന്നവരെ പ്രതിനിധികളായി തെരഞ്ഞെടുത്ത് മുന്നോട്ട് വരണം, അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍, ഡോ. സാന്ദ്ര (സയന്റിസ്റ്റ് ഐഎന്‍ സിഒഐഎസ്) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു.
ഉദ്ഘാടന സഭയില്‍ ബിഎംപിഎസ് സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ്. ഷമി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിഎംപിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ് നാട്ടിക ആമുഖ പ്രഭാഷണം നടത്തി.
ബിഎംപിഎസ് ജില്ല പ്രസിഡന്റ് കെ.എം. മോഹന്‍ദാസ് കൃതജ്ഞത പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.കെ. വാമലോചനന്‍ സംസാരിച്ചു. ബിഎംപിഎസ് സംസ്ഥാന സമിതി അംഗങ്ങളാ എ. കരുണാകരന്‍, മിനര്‍വ വിദ്യാധരന്‍, പി.പി സന്തോഷ്, സംസ്ഥാന സെക്രട്ടറി ഇന്ദിര മുരളി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാമി പട്ടരുപുരക്കല്‍, പി. പീതാംബരന്‍, സെക്രട്ടറി കെ. ശിശുപാലന്‍, ട്രഷറര്‍ കെ.ജി. സുരേഷ് പങ്കെടുത്തു. ദേശീയ മത്സ്യത്തൊഴിലാളി ഭവന പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തിലെ നദികളിലേക്കും കായലുകളിലേക്കും രാസമാലിന്യം ഒഴുക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക, മത്സ്യത്തൊഴിലാലികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: