ന്യൂദല്‍ഹി: ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം കേരളത്തിലെ വിവിധ സ്റ്റേഷനുകളിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഏറെ ഉത്കണ്ഠയുളവാക്കുന്നതും അതിലേറെ നൊമ്പരപ്പെടുത്തുന്നതുമാണെന്ന് രാജീവ് ചന്ദ്രശേഖര്‍.
ജോലിസമ്മര്‍ദ്ദവും ദീര്‍ഘനേരം വിശ്രമമില്ലാതെയുള്ള ജോലിയുമാണ് ആത്മഹത്യകളില്‍ ഭൂരിഭാഗത്തിനും പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
പോലീസുകാരുടെ എണ്ണത്തിലെ കുറവ് ദീര്‍ഘനേര ഡ്യൂട്ടിക്ക് കാരണമാകുന്നു. അത് സ്വാഭാവികമായും പോലീസ് ഉദ്യോഗസ്ഥരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കും കാര്യക്ഷമതക്കുറവിലേക്കും നയിക്കുമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് മനസിലാക്കണം. അത് കേരളത്തില്‍ കൃത്യമായ ക്രമസമാധാനവും പൗരന്മാരുടെ സുരക്ഷയും പാലിക്കുന്നതില്‍ വീഴ്ചയും വരുത്തും. പോലീസിലേക്ക് റിക്രൂട്ട്മെന്റ് നടത്തി നിലവിലുള്ള എല്ലാ ഒഴിവുകളും അതിവേഗം നികത്താനും പൊതുജനങ്ങളുടെ സുരക്ഷയും പോലീസിന്റെ മനോവീര്യവും ഉറപ്പാക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: