ചെസില്‍ ഇതുവരെ കൗമാരക്കാരായ ആണ്‍കുട്ടികളാണ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. മാഗ്നസ് കാള്സന് വരെയുള്ള ലോകത്തിലെ അജയ്യരായ താരങ്ങളെ വീഴ്ത്തിയും അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) കാന്‍ഡിഡേറ്റ്സ് കിരീടം നേടിയും ലോകറാങ്കിങ്ങളില് ഉയരങ്ങള്‍ എത്തിപ്പിടിച്ചും പ്രജ്ഞാനന്ദയും ഗുകേഷും അര്ജുന് എരിഗെയ്സിയും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുതിയ പെണ്‍കുട്ടികളും കരുത്തോടെ അന്താരാഷ്ട്ര ചെസ് സമിതികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അക്കൂട്ടത്തില്‍ രണ്ട് പേരാണ് പ്രജ്ഞാനന്ദയുടെ സഹോദരി ആര്. വൈശാലിയും ഈയിടെ ലോകവനിതാ ജൂനിയര്‍ കിരീടം നേടിയ ദിവ്യ ദേശ്മുഖും.
ഈയിടെ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയ വൈശാലി നോര്‍വ്വെ ചെസ്സില്‍ വനിതാ ചെസ്സിലെ ലോകതാരങ്ങളായ അന്ന മ്യൂസിചുക്, വെന്‍ജു ജു എന്നിവരെ അട്ടിമറിച്ച് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. പുതിയ ആത്മവിശ്വാസത്തോടെയാണ് വൈശാലി ഇപ്പോള്‍ ചെസ്സില്‍ കരുക്കല്‍ നീക്കുന്നത്. കാന്‍ഡിഡേറ്റ്സ് ചെസ്സിലും തമിഴ്നാട്ടുകാരിയായ വൈശാലി ചില അപൂര്‍വ്വ വിജയങ്ങളിലൂടെ തിളങ്ങിയിരുന്നു. ഇതുവരെ ഇന്ത്യന്‍ വനിതാ ചെസ്സില്‍ അറിയപ്പെട്ടിരുന്നത് കൊനേരു ഹംപിയാണെങ്കില്, ഇനിയുള്ള നാളുകളില്‍ ആര്.വൈശാലി ഇന്ത്യന്‍ വനിതാ ചെസ്സിലെ നെടുംതൂണാകുമെന്നതില് സംശയമില്ല.
താരോദയമായി തിളങ്ങി വരുന്ന മറ്റൊരു താരമാണ് നാഗ് പൂരില്‍ നിന്നുള്ള ദിവ്യ ദേശ്മുഖ്. ഈയിടെ നടന്ന ലോക ജൂനിയര്‍ വനിതാ ചെസ്സില്‍ അവര്‍ കിരീടം നേടിയിരുന്നു. ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി (ഐഎം) നേടിയ ദിവ്യ ദേശ് മുഖ് വൈകാതെ ഗ്രാന്റ് മാസ്റ്റര്‍ പട്ടം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. ആറാം വയസ്സില്‍ ചെസ്സിലേക്ക് ചുവടുവെച്ച താരമാണ് ദിവ്യ ദേശ് മുഖ്. 2013ല്‍ ഇറാനില്‍ നടന്ന എട്ട് വയസ്സിന് താഴെയുള്ളവരുടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ കിരീടം നേടിയതിന് ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ 18 വയസ്സായ ദിവ്യ ദേശ് മുഖ് ലോക ജൂനിയര്‍ വനിതാ ചെസ്സില്‍ ഒരൊറ്റ മത്സരങ്ങളും തോറ്റില്ലെന്ന മാത്രമല്ല, 11 മത്സരങ്ങളില്‍ 10 പോയിന്റ് നേടിയെടുത്താണ് കിരീടം നേടിയത്.
ഫിഡെയുടെ ലോക റാങ്കിങ്ങ് പട്ടികയില്‍ കൊനേരു ഹംപി അഞ്ചാം റാങ്കിലാണെങ്കില്‍ വൈശാലി 14ാം റാങ്കിലും ആണ്. ദിവ്യ ദേശ്മുഖിന്റെ ലോക റാങ്ക് (ലൈവ്) 24ല്‍ നിന്നും 20 ആയി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: