തിരുവനന്തപുരം : തൊഴില്‍, വിസ തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാനും സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കാനും നോര്‍ക്കാ റൂട്സിന്റെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ കൂടുതല്‍ ആളുകളിലേക്കും തൊഴില്‍ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ലോകകേരള സഭയില്‍ വ്യക്തമാക്കി. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് പരിഗണിക്കും. ലോക കേരളസഭാംഗങ്ങള്‍ സുരക്ഷിത കുടിയേറ്റമെന്ന ആശയത്തിന് വ്യാപകമായ പ്രചാരണം നല്‍കണമെന്നും നിര്‍ദേശമുയര്‍ന്നു.
പ്രധാന ആതിഥേയ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍, കുടിയേറ്റ നിയമങ്ങളെക്കുറിച്ച് സമയാസമയങ്ങളില്‍ ലഭ്യമാക്കേണ്ട ബോധവത്ക്കരണത്തിന്റെ അഭാവം പ്രവാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താറുണ്ട്. വിദേശരാജ്യങ്ങളില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കുള്ള സുരക്ഷിതമായ കുടിയേറ്റ കാര്യങ്ങളില്‍ പ്രിന്റ്, ഓഡിയോ വിഷ്വല്‍ മാധ്യമങ്ങള്‍ മുഖേന നോര്‍ക്കാ റൂട്സ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. നഴ്സിംഗ് കോളേജുകള്‍ മുഖേന ജില്ലാതലത്തില്‍ പ്രി-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. യു.എ.ഇ. ഒഴിച്ചുള്ള മിക്ക രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസി വെബ്സൈറ്റുകളില്‍ മാറിവരുന്ന നിയമങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല എന്നത് വലിയ പരിമിതിയാണ്. ഈ പോരായ്മ പരിഹരിക്കുന്നതിന് വിദേശ സര്‍വകലാശാലകള്‍, കോഴ്സുകള്‍, തൊഴില്‍ നിയമങ്ങള്‍ എന്നിവ അതതു സമയങ്ങളില്‍ നോര്‍ക്കാ റൂട്സിന്റെയും ലോക കേരളസഭയുടെയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: