ഇടുക്കി: പൈനാവില്‍ വീടുകള്‍ അഗ്നിക്കിരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. കൊച്ചുമലയില്‍ അന്നക്കുട്ടി, മക്കളായ ജിന്‍സ്, ലിന്‍സ് എന്നിവരുടെ വീടുകള്‍ക്ക് തീവച്ച കേസില്‍ അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് സന്തോഷിനെ പൊലീസ് പിടികൂടി.
ഭാര്യാ മാതാവ്, ഭാര്യാ സഹോദരന്റെ രണ്ടര വയസുള്ള മകള്‍ എന്നിവരെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ് വരെവെയാണ് സന്തോഷ് വീടുകള്‍ക്ക് തീവച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടടുപ്പിച്ചാണ് സന്തോഷ് പൈനാവിലെത്തി വീടുകള്‍ക്ക് തീയിട്ടത്.
അന്നക്കുട്ടിയുടെയും ലിന്‍സിന്റെയും വീട് പൂര്‍ണമായും കത്തിനശിച്ചു. ജിന്‍സ് താമസിക്കുന്ന വീട് ഭാഗികമായി കത്തി. ഭാര്യാ മാതാവിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി പറഞ്ഞു. വീടുകള്‍ക്ക് തീവച്ചശേഷം രക്ഷപ്പെട്ട സന്തോഷിനെ ബോഡിമെട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
ജൂണ്‍ അഞ്ചിനാണ് സന്തോഷ് ഭാര്യാ മാതാവ് അന്നക്കുട്ടിയെയും മകന് ലിന്‍സിന്റെ മകള്‍ ലിയയെയും പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചത്. സന്തോഷിന്റെ ഭാര്യ പ്രിന്‍സിയെ വിദേശത്തേക്ക് ഇയാളുടെ സമ്മതം ഇല്ലാതെയാണ് അയച്ചത്.
ഭാര്യയെ വിദേശത്ത് അയച്ചതില്‍ സന്തോഷിന് എതിര്‍പ്പുണ്ടായിരുന്നു. വിദേശത്തു എത്തിയ ശേഷം വിവാഹ മോചനം ആവശ്യപ്പെട്ടതും പ്രകോപനത്തിന് കാരണമായി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: