കളിയെഴുത്തില്‍ ഒരപൂര്‍വ്വ രചനയാണ് എസ്. രാജന് ബാബുവിന്റെ ‘ഒളിമ്പിക്സും ഭാരതവും: ലണ്ടന്‍ മുതല്‍ പാരീസ് വരെ’. കളിക്കുന്നതും കളികാണുന്നതും രസകരമാണ്. എന്നാല്‍ കളിയിലെ കാര്യം രസകരമായി പറയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. അന്താരാഷ്ട്ര കായിക മത്സര വേദികളില്‍ ഭാരതം ഇന്ന് ശിരസ്സുയര്ത്തിത്തന്നെയാണ് നിലകൊള്ളുന്നതെങ്കിലും ഒളിമ്പിക്സില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്നതാണ് ഈ പുസ്തകം.
ഭാരതത്തിന്റെ ‘ആത്മനിര്‍ഭരത’ സാമ്പത്തിക രംഗത്തും വികസനത്തിലും ശാസ്ത്രസാങ്കേതിക വിദ്യയിലും പ്രതിരോധ മേഖലയിലും മറ്റും അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കേ കായിക രംഗത്തും ആ ഉണര്‍വുണ്ട്. 2021-ല്‍ ടോക്കിയോ ഒളിമ്പിക്സില്‍ ഭാരതം ഏഴ് മെഡലുകള്‍ കരസ്ഥമാക്കിയത് ഇതിന് തെളിവാണ്. മുന്‍പ് ഹോക്കിയില്‍ മാത്രം ഒതുങ്ങിയിരുന്ന ഭാരതം ഇന്ന് അത്ലറ്റിക്സ്, ഗുസ്തി, ഭാരോദ്വഹനം, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളിലും പങ്കെടുക്കുന്നു. ഇതുവഴി നീരജ് ചോപ്രയുടെ സ്വര്‍ണ്ണമെഡലും, മീരാബായി ചാനുവിന്റെയും രവി ദഹിയയുടെയും വെള്ളി മെഡലുകളും ഭാരതത്തിന് സ്വന്തമാക്കാന്‍ സാധിച്ചു.
സാഹിത്യശാഖയില്‍ കളിയെഴുത്തിന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം. രസമാണ് സാഹിത്യത്തില്‍ മുഖ്യമെന്ന് ഭാരതീയ കാവ്യമീമാംസകരും പാശ്ചാത്യ പണ്ഡിതന്മാരും ഒരുപോലെ സമ്മതിച്ചിട്ടുള്ളതാണല്ലോ. എന്നാല്‍ നിക്ഷിപ്തതാല്പ്പര്യങ്ങള്ക്കടിമപ്പെട്ട് രസം നശിപ്പിക്കുന്നതും നീരസമുളവാക്കുന്നതുമായ പലതും കൂട്ടിച്ചേര്‍ത്ത് സാഹിത്യമെന്ന വ്യാജേന ധാരാളം എഴുത്തുകാരും എഴുത്തും വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏറ്റവും നിര്‍ദോഷകരവും സംശുദ്ധവുമായ കായിക രസം വായനക്കാര്‍ക്ക് പകരുന്ന ഈ കൃതി സാഹിത്യത്തിനും മുതല്‍ക്കൂട്ടാണ്. സാഹിത്യത്തിന്റെ പ്രത്യേകത അതുണര്‍ത്തുന്ന വൈകാരിക അനുഭൂതിയാണല്ലോ. കായിക സാഹിത്യമാകട്ടെ കളിയുടെ സ്വാഭാവിക രസം പകരുന്നു. ഒരു ജനതയെ ദേശീയ വികാരത്തിലേക്ക് നയിക്കുന്നുവെന്നതും ഈ സാഹിത്യശാഖയെ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കുന്നു.
ഒളിമ്പിക്സിന്റെ ആദ്യകാലത്ത് സ്വകാര്യഎന്ട്രികള് മത്സരങ്ങള്‍ക്ക് അനുവദിച്ചിരുന്നെങ്കിലും പിന്നീട് കായികതാരങ്ങള്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്താല്‍ മതിയെന്ന് ഔദ്യോഗികമായി നിജപ്പെടുത്തുകയായിരുന്നു. ഇതോടെ കായിക മത്സരങ്ങള്‍ ഒരു രാജ്യത്തിന്റെ സ്വാഭിമാനം ഉണര്‍ത്തുന്നതും, ജനങ്ങളില്‍ ദേശീയത വളര്‍ത്തുന്നതുമായി മാറി. ഇത് കായിക വിനോദത്തെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കായിക മത്സരങ്ങള്‍ വിനോദമെന്നതിലുപരി ഉദാത്തവും തീവ്രവുമായ ദേശീയ വികാരമായിത്തീര്‍ന്നു.
കായികമത്സരങ്ങളുടെ പേരില്‍ ഭാരതീയരുടെ ദേശീയ വികാരം പാരമ്യത്തിലെത്തിയത് 1948-ലെ ലണ്ടന്‍ ഒളിമ്പിക്സിലായിരുന്നു. സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി ബ്രിട്ടന്റെ പതാകയ്ക്കു കീഴില്‍ അവരുടെ ദേശീയഗാനം ആലപിച്ചുകൊണ്ട് ഭാരതീയര്‍ പലതവണ മത്സരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ആദ്യ ഒളിമ്പിക്സ് 1948-ല്‍ ലണ്ടനില്‍ വച്ചുതന്നെയായിരുന്നു. അവിടെ ആദ്യമായി ഭാരതം സ്വന്തം ദേശീയ പതാക ഉയര്‍ത്തിയും സ്വന്തം ദേശീയഗാനം പാടിയും കളിയാരംഭിച്ചത് ചരിത്രത്തില്‍ സുവര്ണ്ണലിപികളില് എഴുതിച്ചേര്‍ക്കപ്പെട്ടു. അന്നത്തെ ഹോക്കി ഫൈനലില്‍ ഭാരതം ബ്രിട്ടനെ നേരിടാന്‍ ഇറങ്ങിയപ്പോള്‍ ജ്വലിച്ചുയര്‍ന്ന ദേശീയ വികാരം വാക്കുകള്‍ക്കതീതമാണ്. മുന്‍പ് യജമാനനായിരുന്ന ബ്രിട്ടനെ അവരുടെ മണ്ണില്‍തന്നെ തോല്‍പ്പിച്ച് സ്വര്‍ണ്ണം നേടിയപ്പോള്‍ ഭാരതീയരുടെ അഭിമാനം ആകാശത്തോളം ഉയര്‍ന്നു. ഇതുള്‍പ്പെടെ കളിയിലെ കാര്യം രസാത്മകവും ഭാവാത്മകവുമായി അവതരിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരെ പ്രത്യേകിച്ച് കായിക പ്രേമികളെ ഏറെ ആകര്‍ഷിക്കും.
ഓരോ ഒളിമ്പിക്സിന്റെയും കാലഘട്ടത്തില്‍ ലോകത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്നും, അത് എങ്ങനെയെല്ലാം ഒളിമ്പിക്സിനെ ബാധിച്ചുവെന്നും ചുരുങ്ങിയ വാക്കുകളിലൂടെ സുവ്യക്തമായി പ്രതിപാദിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷത. ഒന്നാം ലോകമഹായുദ്ധം കാരണം ഒളിമ്പിക്സ് മുടങ്ങിയതും, 1936-ല്‍ ജര്‍മനിയിലെ ഒളിമ്പിക്സിനെ ഹിറ്റ്ലര്‍ വംശീയാധിപത്യത്തിന്റെയും ജൂതവിരോധത്തിന്റെയും വേദിയാക്കാന്‍ ശ്രമിച്ചതും, ഭാരതീയരുടെ അഭിമാനതാരമായ മേജര്‍ ധ്യാന്‍ചന്ദിന് ഹിറ്റ്ലര്‍ ജര്‍മന്‍ പൗരത്വം വച്ചുനീട്ടിയതും, പതിനേഴാമത്തെ മ്യൂണിച്ച് ഒളിമ്പിക്സില്‍ പാലസ്തീന് ഇസ്ലാമിക ഭീകര സംഘടന ആക്രമണം നടത്തി പതിനൊന്ന് ഇസ്രയേലി അത്ലറ്റുകളെ വധിച്ചതുമൊക്കെ ഗ്രന്ഥകാരന് ആധികാരികമായി വിവരിക്കുന്നു.
രണ്ടാം ലോകമഹായുദ്ധം, ജര്‍മന്‍ വിഭജനം, സോവിയറ്റ് യൂണിയനില്‍ രാജ്യങ്ങളുടെ ഒന്നിക്കലും വേര്‍പിരിയലും, ചൈന-തയ്വാന് തര്‍ക്കങ്ങള്‍, ടിബറ്റില്‍ ചൈനയുടെ ആധിപത്യം, ചൈനയിലെ ടിയാനെന്മെന് സ്ക്വയര്‍ കൂട്ടക്കൊല, അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍, ലോകസമ്പദ്വ്യവസ്ഥയിലെ മാന്ദ്യം മുതലായ സംഭവങ്ങള്‍ ഈ പുസ്തകത്തില്‍ ഇടംപിടിക്കുന്നുണ്ട്. കായിക കാര്യങ്ങളില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെ, നീണ്ട വിവരണങ്ങളിലേക്കൊന്നും പോകാതെ തികഞ്ഞ ഔചിത്യം പാലിച്ചുകൊണ്ടുതന്നെ ഇവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. വായനക്കാര്‍ക്ക് കളിയുടെ ആവേശം പകരുന്നതിനൊപ്പം ഒരു കുറ്റാന്വേഷണ നോവല്‍ ഉളവാക്കുന്ന അത്രയും തന്നെ താല്‍പ്പര്യവും ആകാംക്ഷയും നിലനിര്‍ത്തുന്ന കാര്യത്തിലും രചനാരീതി വിജയിച്ചിട്ടുണ്ട്. കൃത്യമായിത്തന്നെ ഇതൊരു റഫറന്‍സ് ഗ്രന്ഥവുമാണ്.
ഒളിമ്പിക്സിന്റെ ചരിത്രവും അതിലെ ഭാരതത്തിന്റെ പ്രകടനങ്ങളും പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടുന്ന സുപ്രധാനമായ ഒരു കാര്യം ക്രിക്കറ്റ് പോലുള്ള കളികളില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കാതെ മറ്റ് കായിക ഇനങ്ങളെക്കൂടി പ്രോത്സാഹിപ്പിക്കുകയും ജനകീയമാക്കുകയും വേണം. എങ്കില്‍ മാത്രമേ ഒളിമ്പിക്സില്‍ അമേരിക്ക, ചൈന മുതലായ രാജ്യങ്ങളോട് കിടപിടിക്കാന്‍ ഭാരതത്തിന് സാധിക്കുകയുള്ളൂ. ഹോക്കിയില്‍ ഒരു കാലത്ത് ഭാരതം തുടര്‍ച്ചയായി സ്ഥാനം നേടിയിരുന്നുവെങ്കിലും പിന്നീട് ആ മേല്‍ക്കോയ്മ നഷ്ടപ്പെട്ടു. ആ സ്ഥാനം തിരികെപ്പിടിക്കേണ്ടതുണ്ട്. നാലരപ്പതിറ്റാണ്ടിലേറെക്കാലമായി കളിയെഴുത്തില്‍ വ്യാപൃതനായിരിക്കുന്ന രാജന് ബാബു ഈ മേഖലയില്‍ ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് രണ്ടാമത്തെ പുസ്തകമാണ്. ആദ്യത്തേത് 1975-ല്‍ പ്രസിദ്ധപ്പെടുത്തിയ ‘കളിയുടെ കാഴ്ചവട്ട’മാണ്.
അടുത്ത ഒളിമ്പിക്സിനായി ലോകരാജ്യങ്ങള്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന വേളയില്‍ ‘ഒളിമ്പിക്സും ഭാരതവും’ എന്ന ഈ അപൂര്‍വ്വ കായിക ഗ്രന്ഥം സന്ദര്‍ഭോചിതമായി പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിനും കുരുക്ഷേത്ര പ്രകാശനും അഭിനന്ദനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: