ലഖ്നൗ: അനധികൃത ഖനന കേസില്‍ ബിഎസ്പി നേതാവ് മുഹമ്മദ് ഇഖ്ബാലിന്റെ 4,440 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. ഇയാളുടെ അബ്ദുള്‍ വാഹീദ് എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ട്രസ്റ്റിന് കീഴില്‍ സഹറാന്പൂരിലുള്ള യൂണിവേഴ്സിറ്റിയുടെ 121 ഏക്കര്‍ സ്ഥലവും കെട്ടിട സമുച്ചവും ഇതില്‍ ഉള്‍പ്പെടും. കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമാണ് നടപടി.
സഹറാന്‍പൂരില്‍ വിവിധ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഖനന സ്ഥാപനങ്ങള്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഇ ഡി കണ്ടെത്തി. ലൈസന്‍സില്ലാതെയായിരുന്നു മിക്കതിന്റേയും പ്രവര്‍ത്തനം. ആദായ നികുതി രേഖകളില്‍ തുച്ഛമായ വരുമാനമായിരുന്നു സ്ഥാപനങ്ങള്‍ കാണിച്ചിരുന്നത്. അനധികൃത ഖനനത്തിലൂടെ ലഭിക്കുന്ന പണം സഹറന്‍പൂരിലെ അബ്ദുള്‍ വഹീദ് എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ 500 കോടിയിലധികം രൂപ ഭൂമി വാങ്ങുന്നതിനും സര്‍വകലാശാലയുടെ നിര്‍മാണത്തിനും ഉപയോഗിച്ചു. ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെ 4,439 കോടി രൂപയാണ് വസ്തുവിന്റെ നിലവിലെ വിപണി മൂല്യം. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റികളെല്ലാം മുഹമ്മദിന്റെ കുടുംബാംഗങ്ങളാണ്. മുഹമ്മദ് ഇഖ്ബാല്‍ ഒളിവിലാണ്. ഇയാളുടെ നാല് മക്കളും സഹോദരനും ഒന്നിലധികം കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: