കൊല്ലം/പുനലൂര്‍: കുവൈറ്റില്‍ തീപ്പിടിത്തത്തില്‍ മരിച്ച വെളിച്ചിക്കാല വടകോട് വിളയില്‍ ഉണ്ണൂണ്ണി-കുഞ്ഞമ്മ ദമ്പതികളുടെ മകന് വി.ഒ. ലൂക്കോസിനും (സാബു-48), പുനലൂര്‍ നരിക്കല്‍ സാജന് വില്ലയില്‍ ജോര്‍ജ് പോത്തന്-വത്സമ്മ ദമ്പതികളുടെ മകന് സാജന് ജോര്‍ജിനും (29) നാട് കണ്ണീരോടെ വിട നല്കി. ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി ഇരുവീടുകളിലുമെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ വീടുകളില്‍ എത്തിച്ച മൃതദേഹങ്ങള്‍ പ്രാര്‍ത്ഥനക്കുശേഷം മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊട്ടിയം കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ഇന്നലെ രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയ ലൂക്കോസിന്റെ മൃതദേഹം വിലാപയാത്രയോടെ വീട്ടില്‍ എത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം ഉച്ചക്ക് 12 മണിയോടെ മീയണ്ണൂര്‍ നാല്ക്കവല എബനേസര്‍ സഭയുടെ പൂയപ്പള്ളിയിലുള്ള സെമിത്തേരിയില്‍ സംസ്ക്കരിച്ചു.
രണ്ടാഴ്ചയ്ക്കു ശേഷം അവധിക്ക് വരാനിരുന്ന ലൂക്കോസിന്റെ ചേതയറ്റ ശരീരം വീട്ടിലേക്ക് എത്തിയപ്പോഴേക്കും തളംകെട്ടി നിന്ന നിശബ്ദത പൊട്ടിക്കരച്ചിലായി മാറി. ലൂക്കോസിന്റെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ ഭാര്യ ഷൈനിയെയും മക്കള്‍ ലിഡിയയെയും ലോയിസിനെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍ വിഷമിച്ചു.
പുനലൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സാജന് ജോര്‍ജിന്റെ മൃതദേഹം ഇന്നലെ രാവിലെ 10.30 ന് വീട്ടിലെത്തിച്ചു. വിദേശത്തേക്കു പോകുന്നതിനു മുന്‍പ് അടൂര്‍ സ്വകാര്യ എന്‍ജിനിയറിങ് കോളജിലെ അധ്യാപകനായിരുന്നു സാജന്. ശിഷ്യരും മുന്‍ സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് സാജനെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്.
ഒന്നരമാസം മുന്‍പാണ് ജോലിക്കായി സാജന് കുവൈറ്റിലെത്തിയത്. ആദ്യ ശമ്പളം വീട്ടിലേക്ക് അയച്ചു കൊടുത്ത് ഏഴാംദിനമാണ് സാജന്റെ വേര്‍പാട്. ഉച്ചയ്ക്ക് രണ്ടരയോടെ നരിക്കല്‍ ബഥേല്‍ മര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു. കൊട്ടാരക്കര ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീത്തോസ് മുഖ്യകാര്‍മികത്വം വഹിച്ചു.
കുവൈറ്റ് ദുരന്തത്തില്‍ ജില്ലയില്‍ അഞ്ചു പേരാണ് മരിച്ചത്. കടവൂര്‍ മതിലില്‍ കന്നിമൂലയില്‍ വീട്ടില്‍ സുന്ദരന്പിള്ള-ശ്രീകുമാരി ദമ്പതികളുടെ മകന് സുമേഷ് എസ.് പിള്ള (38), ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഉമറുദ്ദീന്‍-ശോഭിത ദമ്പതികളുടെ മകന് ഷെമീര്‍ (31) എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു.
കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര വടക്ക് ആലുംതറമുക്ക് കളത്തില്‍ വടക്കേത്തറയില്‍ ബേബിക്കുട്ടി-ഹില്ലാരിബേബി ദമ്പതികളുടെ മകന് ഡെന്നിബേബി (33)യുടെ കുടുംബം വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. മുംബൈയില്‍ എത്തിച്ച മൃതദേഹം നാളെ ഉച്ചയ്ക്കു ശേഷം മൂന്നിന് മലാഡ് വെസ്റ്റ് ചാര്‍ക്കോപ്പ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: