ആലപ്പുഴ: വാട്ടര്‍ അതോറിറ്റിയിലെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലം മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്). സ്ഥലംമാറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് 30 വര്‍ഷമായി ഒരേ കോമ്പൗണ്ടില്‍ തന്നെ ജോലി നോക്കുന്ന ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ഒരു ജീവനക്കാരന് ഒരേ സ്റ്റേഷന് പരിധിയില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസ് ദൈര്‍ഘ്യം പാടില്ലെന്ന കര്‍ശന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് അഞ്ചു മുതല്‍ 30 വര്‍ഷം വരെ ഒരേ സ്ഥലത്ത് നൂറുകണക്കിനാളുകള്‍ ഇപ്പോഴും ജോലിചെയ്യുന്ന വിവരം ബിഎംഎസിന്റെ ഇടപെടലില്‍ പുറത്തുവന്നിട്ടുള്ളത്.
2021 മുതല്‍ ജി സ്പാര്‍ക്ക് സോഫ്റ്റ്വെയര് സംവിധാനത്തിലൂടെ മാത്രം നടക്കുന്ന സ്ഥലംമാറ്റങ്ങളില്‍ ചില ഉദ്യോസ്ഥര്‍ അവസാന ഘട്ടത്തില്‍ ബാഹ്യ ഇടപെടല്‍ നടത്തിയാണ് അട്ടിമറിക്കുന്നത്.
ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ക്ക് (എച്ച്ആര്‍ഡി& ജനറല്‍) ബിഎംഎസ് രേഖാമൂലം പരാതി നല്കി. പരിഹാരം ഉണ്ടാകാത്തപക്ഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുവാനും എംപ്ലോയീസ് സംഘ് സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു.
പ്രസിഡന്റ് എം.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് വി.ടി. രാജീവ് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി. പ്രദീപ്, സംസ്ഥാന ഭാരവാഹികളായ കെ.പി. മധുസൂദനന്, വി.കെ. രജികുമാര്‍, പി. വിജയകുമാര്‍, എന്‍. ഹരിനാരായണന്, ടി.ജി. നാനാജി എന്നിവര്‍ സംസാരിച്ചു.
ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാനുള്ള കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇ-മെയില്‍ വിലാസം[email protected].
അതിനിടെ ബിഎംസിന്റെ പ്രതിഷേധത്തെ തുടര്‍ന്നും ക്രമേക്കേടുകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും വാട്ടര്‍ അതോറിറ്റിയിലെ സ്ഥലംമാറ്റത്തിന്റെ കരട് പട്ടിക റദ്ദാക്കാന്‍ ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിന്റെ ചുമതലയുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതുതായി കരട് പട്ടിക തയ്യാറാക്കാന്‍ അതോറിറ്റി നടപടി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: