പത്തനംതിട്ട: ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം മിഥുനമാസ പൂജകള്‍ക്കായി തുറന്നപ്പോള്‍ തീര്‍ത്ഥാടകരുടെ ചെറിയ വാഹനങ്ങള്‍ക്ക് പമ്പയില്‍ പാര്‍ക്കിങ് അനുവദിച്ചത് ആശ്വാസമായി. എന്നാല്‍ ക്രമമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യിക്കാന്‍ സംവിധാനമില്ലാത്തത് ബുദ്ധിമുട്ടാവുകയും ചെയ്തു.
മുന്‍പ് ചെറിയ വാഹനങ്ങളും നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്തശേഷം ചെയിന്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയില്‍ എത്തണമായിരുന്നു. പമ്പ ഹില്‍ടോപ്പിലെ പാര്‍ക്കിങ് ഏരിയയാണ് ഭക്തര്‍ക്ക് തുറന്നു നല്‍കിയിരിക്കുന്നത്. ചക്കുപാലത്ത് പാര്‍ക്കിങ് അനുമതിയില്ല. 2018 ലെ മഹാപ്രളയത്തെ തുടര്‍ന്നാണ് പമ്പയില്‍ വാഹന പാര്‍ക്കിങ് തടഞ്ഞത്. ഹില്‍ടോപ്പില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് 50 രൂപ ആണ് ഫീസ്. എന്നാല്‍ വാഹന പാര്‍ക്കിങ് ക്രമീകരിക്കാന്‍ ഗ്രൗണ്ടില്‍ ആരെയും നിയോഗിച്ചിട്ടില്ല. മറ്റു വാഹനങ്ങളുടെ സൗകര്യം പരിഗണിക്കാതെ ചിലര്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ആദ്യം വന്ന വാഹനങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. പമ്പ നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസിനായി കെഎസ്ആര്‍ടിസി 50 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അതിനാല്‍ നിലയ്ക്കല്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്ത ശേഷം പമ്പയില്‍ എത്തിയവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല.
നടതുറന്നിരിക്കുന്ന 19 വരെ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: