തിരുവനന്തപുരം: ഇന്നാണ് മന്ത്രി വി. ശിവന്‍കുട്ടി നഗരത്തിലെ സ്മാര്‍ട്ട് റോഡുകള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയ ദിവസം. നഗരത്തിലെ സ്മാര്‍ച്ച് റോഡുകളുടെ പണികള്‍ 15 നകം സ്മാര്‍ട്ടാകുമെന്ന തിരുവനന്തപുരം നഗരസഭയുടെയും മന്ത്രി വി. ശിവന്‍കുട്ടിയുടെയും ഉറപ്പ് പാഴായി. ജനം ഇനിയും ഏറെ നാള്‍ ബുദ്ധിമുട്ടേണ്ടി വരുമെന്നുറപ്പാണ്. നഗരത്തിലെ റോഡുകള്‍ സ്മാര്‍ട്ടാകാന്‍ ഇനിയും പണികള്‍ ഏറെയുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥയില്‍ പൊറുതിമുട്ടിയ ജനം സര്‍ക്കാരിനും നഗരസഭയ്‌ക്കുമെതിരെ തിരിയുമെന്ന് മനസ്സിലാക്കിയതോടെ കഴിഞ്ഞമാസം 21 ന് മന്ത്രി വി. ശിവന്‍കുട്ടിയും കോര്‍പ്പറേഷന്‍ അധികൃരും പങ്കെടുത്ത യോഗത്തിലാണ് ജൂണ്‍ 15 നകം റോഡുകളുടെ പണി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയത്.
സ്മാര്‍ട്ട് റോഡ് പദ്ധതിയില്‍ ആദ്യം തുറന്നത് സ്റ്റാച്യു-ജനറല്‍ ആശുപത്രി റോഡാണ്. പിന്നീട് വെള്ളയമ്പലം-തൈക്കാട് റോഡും കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡും ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയാക്കി തുറന്നുകൊടുത്തിരുന്നു. എന്നാല്‍ നടപ്പാതയുടെയും ഓടയുടെയും ഡിവൈഡറിന്റെയും പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടില്ല. കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡില്‍ ഇപ്പോഴും ഒരു ഭാഗത്തുകൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. റേഡിന്റെ പല ഭാഗത്തും കുഴികളാണ്. ഇതുവഴിയുള്ള രാത്രി യാത്ര അപകടം പിടിച്ചതും ദുസ്സഹവുമായിത്തീര്‍ന്നിരിക്കുകയാണ്.
വെള്ളയമ്പലം മുതല്‍ വഴുതയ്‌ക്കാട് വരെയുള്ള ഭാഗത്ത് ഡിവൈഡറിന്റെയും തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് തൂണിന്റെയും നിര്‍മാണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേബിളുകള്‍ ഡെക്കിലൂടെ ഇറക്കുന്ന ജോലിയും നടന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവൃത്തികള്‍ കഴിഞ്ഞതിനു ശേഷം മാത്രമേ രണ്ടാം ഘട്ട ടാറിംഗ് ആരംഭിക്കുകയുള്ളൂ. വാഹനഗതാഗതം അനുവദിച്ചെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് ഇപ്പോഴും സ്മാര്‍ട്ട് റോഡിലൂടെയുള്ള യാത്ര ദുസ്സഹമാണ്.
വഞ്ചിയൂര്‍ – ജനറല്‍ ഹോസ്പിറ്റല്‍ റോഡില്‍ കേബിള്‍ ഇറക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടില്ല. ഹോളിഏഞ്ചല്‍സ് സ്‌കൂളിലേക്ക് വരുന്ന കുട്ടികളുടെ യാത്ര ദുഷ്‌കരമാക്കാന്‍ കേബിളുകളും മൂടാത്ത ഓടകളും കൂര്‍ത്ത കമ്പികളും വന്‍കുഴികളുമൊക്കെ മത്സരിക്കുകയാണ്.
തൈക്കാട് എംജി രാധാകൃഷ്ണന്‍ റോഡില്‍ ആദ്യഘട്ട ടാറിംഗ് പോലും പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ റോഡില്‍ മെറ്റല്‍ വിരിക്കുന്ന ജോലിയും മണ്ണുമാറ്റുന്ന ജോലികളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുവഴി എന്ന് ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ശാസ്താ ക്ഷേത്രം മുതല്‍ മോഡല്‍ സ്‌കൂള്‍ വരെയുള്ള ഭാഗത്ത് ആദ്യഘട്ട ടാറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു.
സ്‌പെന്‍സര്‍ ജംഗ്ഷന്‍ – എകെജി സെന്റര്‍ റോഡില്‍ മണ്ണും കല്ലുകളും കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവിടെ വാഹനഗതാഗതം തടസ്സപ്പെട്ടിട്ട് മാസങ്ങളായി. ചാലയിലെ സ്മാര്‍ട്ട് റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന ഓടയ്‌ക്കായി എടുത്ത കുഴികള്‍ കാരണം വ്യാപാരികളും പൊതുജനങ്ങളും ദുരിതമനുഭവിക്കുകയാണ്. വ്യാപാരികള്‍ സമരമുഖത്താണ്. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിന്റെ പേരില്‍ നഗര ജനത ബുദ്ധിമുട്ടനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ ദുരിതം എന്ന് തീരുമെന്ന് മാത്രം ആര്‍ക്കുമറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: