ബെംഗളൂരു: പ്രമുഖ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ശ്രീനിവാസ് ഹെഗ്ഡെ (71) അന്തരിച്ചു. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-1 ന്റെ മിഷന് ഡയറക്ടര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ ഏറെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ശ്രീനിവാസ് ഹെഗ്ഡെ. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ചന്ദ്രനില്‍ ജല തന്മാത്രകള് കണ്ടെത്തിയ ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര പര്യവേഷണമായിരുന്നു ശ്രീനിവാസ് ഹെഗ്ഡെയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ ചാന്ദ്രയാന്‍-1. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയില്‍ മൂന്ന് പതിറ്റാണ്ടിലേറെ ജോലി ചെയ്തിട്ടുള്ള ശാസ്ത്രജ്ഞനാണ് ഹെഗ്ഡെ. ഈ കാലഘട്ടങ്ങളില്‍ നിരവധി സുപ്രധാന ദൗത്യങ്ങളിലും ശ്രദ്ധേയമായ കടമകള്‍ നിറവേറ്റാന്‍ അദ്ദേഹത്തിനായി.
1978 മുതല്‍ 2014 വരെയുള്ള കാലയളവിലായിരുന്നു ശ്രീനിവാസ് ഹെഗ്ഡെ ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ കാലഘട്ടത്തില്‍ അനവധി ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: