കൊല്ലം: കുവൈറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ കൊല്ലം ജില്ലയില്‍ അഞ്ചുപേര്‍ക്കാണ് ജീവന് നഷ്ടമായത്. കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്ന കടവൂര്‍ മതിലില്‍ കന്നിമൂലയില്‍ വീട്ടില്‍ സുന്ദരന്പിള്ള- ശ്രീകുമാരി ദമ്പതികളുടെ മകന് സുമേഷ് എസ് പിള്ള (38), ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഉമറുദ്ദീന്‍-ശോഭിത ദമ്പതികളുടെ മകന് ഷെമീര്‍ (31), വെളിച്ചിക്കാല വടകോട് വിളയില്‍ ഉണ്ണൂണ്ണി- കുഞ്ഞമ്മ ദമ്പതികളുടെ മകന് വി.ഒ. ലൂക്കോസ് (സാബു-48), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര വടക്ക് ആലുംതറമുക്ക് കളത്തില്‍ വടക്കേത്തറയില്‍ ബേബിക്കുട്ടി- ഹില്ലാരിബേബി ദമ്പതികളുടെ മകന് ഡെന്നിബേബി(33), പുനലൂര്‍ നരിക്കല്‍ സാജന് വില്ലയില്‍ ജോര്‍ജ് പോത്തന്- വത്സമ്മ ദമ്പതികളുടെ മകന് സാജന് ജോര്‍ജ് (29) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലുമണിയോടെ നാലുപേരുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു. ഡെന്നി ബേബിയുടെ കുടുംബം വര്‍ഷങ്ങളായി മുംബൈയില്‍ സ്ഥിര താമസമാക്കിയതിനാല്‍ മൃതദേഹം മുംബൈയിലേക്കാണ് എത്തിച്ചത്. സുമേഷിന്റെ മൃതദേഹം വീട്ടുവളപ്പിലും ഷെമീറിന്റേത് താമരക്കുളം കല്ലൂര്‍ ജുമാമസ്ജിദില്‍ മൃതദേഹം സംസ്കരിച്ചു. വി.ഒ. ലൂക്കോസിന്റെയും സാജന്റെയും സംസ്കാരം ഇന്ന് നടക്കും.
ലൂക്കോസിന്റെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ച് പ്രാര്‍ത്ഥനയ്ക്ക് ശേഷം കൊട്ടിയം കിംസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴുമണിയോടെ ആശുപത്രിയില്‍ നിന്ന് പുറത്തെടുക്കുന്ന മൃതദേഹം എട്ടുമണിയോടെ വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനത്തിനു ശേഷം ഉച്ചയോടെ വെളിച്ചിക്കാല എബനേസര്‍ സഭയുടെ പൂയപ്പള്ളിയിലുള്ള സെമിത്തേരിയില്‍ സംസ്കരിക്കും. സാജന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് നടക്കും.
നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് സുമേഷിന്റെ വിയോഗത്തോടെ അസ്തമിച്ചത്. 16 വര്‍ഷം മുന്‍പാണ് സുമേഷ് പ്രവാസ ജീവിതം തെരഞ്ഞെടുത്തത്. തുടര്‍ന്ന് അടുത്തിടെയാണ് പഴയ വീടിനു പകരം ഒരു വീട് നിര്‍മിച്ചത്. കഴിഞ്ഞ ഓണത്തിനാണ് അവസാനമായി നാട്ടിലെത്തിയത്. ഈ ഓണത്തിന് വരാനിരിക്കെയാണ് അന്ത്യം. കുരീപ്പുഴ സ്വദേശിനി രമ്യയാണ് ഭാര്യ. മകള്‍ അവനി (5).
അച്ഛന്റെയും ഇളയ സഹോദരന്റെയും അടുത്തു തന്നെ തനിക്കും വീട് ഒരുക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് ഷെമീര്‍ വിടപറഞ്ഞത്. ഷെമീറിന്റെ വിയോഗവാര്‍ത്ത അറിയിച്ചപ്പോഴേക്കും ഭാര്യ സുറുമി ബോധമറ്റു വീണു. ഓയൂര്‍ സ്വദേശിയായ ഷെമീര്‍ പിതാവ് ഉമറുദ്ദീന്‍ രണ്ടാമതു വിവാഹം കഴിച്ചതോടെയാണ് ഓയൂരില്‍ നിന്ന് ആനയടിയിലേക്ക് താമസം മാറ്റിയത്. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ഷെമീര്‍ കുടുംബത്തിന്റെ സ്വപ്നങ്ങളുമായാണ് വിദേശത്ത് എത്തിയത്.
വി.ഒ. ലൂക്കോസിന്റെ (സാബു-48) മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ തര്‍ന്നിരിക്കുകയാണ് ഭാര്യ ഷൈനിയും രണ്ട് മക്കളും. പള്ളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്കൂളില്‍ പ്ലസ്ടുവിനുപഠിച്ചിരുന്ന മൂത്തമകള്‍ ലിഡിയ ഉന്നത വിജയം നേടിയിരുന്നു. ഇളയമകള്‍ ലോയിസ് ഇതേ സ്കൂള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു.
നഴ്സിങ് പഠനം ആഗ്രഹിക്കുന്ന ലിഡിയക്ക് ബെംഗളൂരുവില്‍ ഇന്നലെ എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടായിരുന്നു. അതിനായി ഷൈനിയും മകളും യാത്ര തിരിക്കാന്‍ ഇരിക്കെയാണ് ദുരന്തവാര്‍ത്ത എത്തിയത്. ഉന്നത വിജയം നേടിയ മകള്‍ക്ക് സമ്മാനമായി വാങ്ങിയ മൊബൈല്‍ ഫോണുമായി സാബു രണ്ടാഴ്ചയ്ക്കു ശേഷം വരേണ്ടതായിരുന്നു.
ഇന്നലെ വൈകിട്ട് 3.45ഓടെ പുനലൂര്‍ നരിക്കല്‍ വാഴവിള സാജന് വില്ലയില്‍ സാജന് ജോര്‍ജിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പുനലൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 10.30 ന് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നരയോടെ നരിക്കല്‍ ബഥേല്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. സാജന് ജോര്‍ജിന്റെ ഏക സഹോദരി ഇന്നലെ രാത്രിയിലാണ് മെല്‍ബണില്‍ നിന്നും നാട്ടിലെത്തിയത്.
ഒന്നരമാസം മുന്‍പാണ് 29 കാരനായ സാജന് ജോലിക്കായി കുവൈത്തിലേക്ക് പോയത്. അടൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ അസി. പ്രൊഫസറായി ജോലി ചെയ്യുന്നതിനിടെയാണ് എംടെക് യോഗ്യതയുള്ള സാജന് കുവൈറ്റില്‍ ജോലി ശരിയായത്. ആദ്യ ശമ്പളം ലഭിച്ചപ്പോള്‍ അച്ഛന് അയച്ചു നല്‍കിയിരുന്നു. മകന് രക്ഷപ്പെട്ടതിന്റെ ആഹ്ലാദത്തിലായിരുന്നു കുടുംബം. എന്നാല്‍, സന്തോഷത്തിന് ദിവസങ്ങള്‍ മാത്രമായിരുന്നു ആയുസ്. ഏഴാംനാള്‍ കുവൈത്തില്‍ നിന്ന് എത്തിയത് സാജന്റെ ദാരുണ മരണവാര്‍ത്ത.
ഡെന്നിബേബിയുടെ കുടുംബം വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. പിതാവ് ബേബിക്കുട്ടി അമ്മയെ കാണാന്‍ നാട്ടിലെത്തിയപ്പോഴാണ് മകന്റെ മരണം അറിയുന്നത്. കുവൈറ്റില്‍ നാലുവര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന ഡെന്നിബൈബി വര്‍ഷം തോറും അവധിയില്‍ മുംബൈയില്‍ എത്താറുണ്ട്. അവധിക്ക് എത്തുമ്പോള്‍ നാട്ടിലുള്ള അമ്മൂമ്മ ലക്ഷ്മിക്കുട്ടിയെയും മറ്റു ബന്ധുക്കളെയും കാണാന്‍ കരുനാഗപ്പള്ളിയിലും മാതാവിന്റെ കുടുംബവീടായ കൊല്ലത്തും എത്താറുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: