കുവൈറ്റ് സിറ്റി: മംഗഫ് ലേബര്‍ ക്യാമ്പിലെ അഗ്നിബാധയ്ക്ക് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സ്ഥിരീകരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കുവൈറ്റ് അഗ്നിരക്ഷാ സേന വ്യക്തമാക്കി.
ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടര്‍ ചോര്‍ന്നാണ് അഗ്നിബാധയുണ്ടായതെന്ന് നേരത്തേ മാദ്ധ്യമ വാര്‍ത്തകളുണ്ടായിരുന്നു.കെട്ടിടത്തില്‍ പരിശോധനകള്‍ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്ന് കുവൈറ്റ് അഗ്നിശമന സേന അറിയിച്ചു.
ഫ്ളാറ്റില്‍ മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ വേഗത്തില്‍ കത്തിയത് വലിയ തോതില്‍ പുക ഉയരാന്‍ കാരണമായി.ഈ പുക അതിവേഗം മുകള്‍നിലയിലേക്ക് പടര്‍ന്നു. ആറുനില കെട്ടിടത്തില്‍ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 196പേരാണ് താമസിച്ചത്. ഇതില്‍ 20പേര് നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ 176പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്.
പുലര്‍ച്ചെ നാലരയോടെ തീ പിടിക്കുമ്പോള്‍ ക്യാമ്പിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു അഗ്നിബാധയ്ക്ക് പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണ് മരണസംഖ്യ വര്‍ദ്ധിപ്പിച്ചത്. രണ്ടുപേര്‍ മാത്രമാണ് പൊള്ളലേറ്റ് മരിച്ചത്. ബാക്കി 47പേരും മരിച്ചത് പുക ശ്വസിച്ചാണെന്ന് എന്‍ബിടിസി കമ്പനി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: