പത്തനംതിട്ട: 108 ശിവാലയങ്ങളില്‍ നൂറ്റിയൊന്നിലും ദര്‍ശനം നടത്തിയ നിര്‍വൃതിയിലാണ് തിരുവനന്തപുരം ഇടവാച്ചല്‍ മുതുമല തടത്തരികത്തു വീട്ടില്‍ കൃഷ്ണന്‍കുട്ടി. മറക്കാനാവാത്ത അനുഭവം തമിഴ്നാട്ടിലെ തെങ്കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് തളിപ്പറമ്പ് ശ്രീരാജരാജേശ്വരനെ വരെ കാല്‍നടയായി പോയി തൊഴുതു വണങ്ങിയതാണ്. ഒന്നരയാഴ്ച കൊണ്ടാണ് തെങ്കാശിയില്‍ നിന്നു കണ്ണൂരിലേക്ക് കൃഷ്ണന്‍കുട്ടി നടന്നെത്തിയത്.
ശബരിമലയില്‍ സാധനങ്ങള്‍ കയറ്റിപ്പോവുന്ന ട്രക്കിന്റെ ഡ്രൈവര്‍ ആയി 26 വര്‍ഷം ജോലി ചെയ്തിരുന്നു. ഈ 26 വര്‍ഷവും വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം വീതം ഇരുമുടിയേന്തി പതിനെട്ടാംപടി ചവിട്ടുകയും ചെയ്തിട്ടുണ്ട്.
2023 ഫെബ്രു. 5 ന് രാവിലെയാണ് തെങ്കാശി കാശിവിശ്വനാഥനെ തൊഴുത് തീര്‍ത്ഥാടനത്തിനു തുടക്കമിട്ടത്. അന്നു വൈകിട്ട് കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ എത്തി മഹാദേവനെ തൊഴുത് അവിടെ വിശ്രമിക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ ആവുന്നത്ര വേഗമെടുത്തിട്ടും പുനലൂര്‍ തൂക്കുപാലത്തിനു സമീപത്തെ ശിവക്ഷേത്രത്തില്‍ ദീപാരാധന തൊഴുത് ഒന്നാംദിവസത്തെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.
ഒന്നര ആഴ്ചകൊണ്ട് തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രത്തില്‍ എത്തി വെള്ളിക്കുടം വെച്ചു തൊഴുതു. ഒരു മുന്നൊരുക്കവുമില്ലാതെയുള്ള യാത്രയായിരുന്നെന്നും മഹാദേവന് മാത്രമാണ് തുണയായി ഉണ്ടായിരുന്നതെന്നും കൃഷ്ണന്‍കുട്ടി പറയുന്നു. ഈ യാത്രക്കിടെയാണ് മാന്നാര്‍ തൃക്കുരുട്ടി മഹാദേവക്ഷേത്രത്തിലെ 11 ഇലയുള്ള കൂവളം കണ്ടത്. 11 ഇലയുള്ള കൂവളം ദേവലോകത്തേ ഉള്ളൂ എന്നാണ് വിശ്വാസം. കണ്ണൂരില്‍ നിന്നു ട്രെയിന്‍ മാര്‍ഗമായിരുന്നു മടക്കയാത്ര.
ആ അപൂര്‍വ തീര്‍ത്ഥാടനത്തിന്റെ അനുഗ്രഹഫലങ്ങള്‍ ഇന്നും ജീവിതത്തില്‍ നിറയുന്നതിനാല്‍ കുറച്ചുകൂടി ദീര്‍ഘമായ മറ്റൊരു യാത്രക്ക് തയാറെടുക്കുകയാണ് കൃഷ്ണന്‍കുട്ടി. തളിപ്പറമ്പ് ശ്രീരാജരാജേശ്വരന് സ്വര്‍ണക്കുടം വച്ചുതൊഴുത് അവിടെ നിന്ന് തിരുപ്പതി വെങ്കിടാചലപതിയുടെ സന്നിധാനത്തിലേക്ക് കാല്‍നടയായി പോകാനാണ് ഉദ്ദേശിക്കുന്നത്. അടുത്തമാസം തന്നെ പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.
നാടാര്‍ സമുദായാംഗമായ ഇദ്ദേഹത്തിന്റെ കുടുംബക്കാരെല്ലാം ക്രിസ്തുമതം സ്വീകരിച്ചിട്ടും സ്വധര്‍മത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കൃഷ്ണന്‍കുട്ടി. എത്ര ബന്ധുക്കള്‍ ശത്രുക്കളായാലും മരണംവരെ സ്വധര്‍മം വെടിയില്ലെന്ന് അദ്ദേഹം പറയുന്നു.
108 ശിവാലയങ്ങളില്‍ നൂറ്റിയൊന്നും കണ്ടു തൊഴുതെങ്കിലും പാലാ ചേര്‍പ്പുങ്കല്‍ പുല്ലപ്പള്ളി മഹാദേവക്ഷേത്രമാണ് ഇഷ്ടക്ഷേത്രമെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു. വാഹനാപകടത്തില്‍ നിന്നു കൈപിടിച്ചു കരകയറ്റിയതു പുല്ലപ്പള്ളി മഹാദേവനാണ് എന്നാണ് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നത്.
ജന്മഭൂമി സംസ്കൃതിയുടെ സ്ഥിരം വായനക്കാരനാണ് കൃഷ്ണന്‍കുട്ടി. പുതിയ പുതിയ തീര്‍ത്ഥാടനങ്ങള്‍ക്ക് ഊര്‍ജം ലഭിക്കുന്നത് സംസ്കൃതിയുടെ വായനയിലൂടെ ആണെന്നും അദ്ദേഹം പറയുന്നു.
ശബരിമലയില്‍ സ്വകാര്യ ട്രാക്ടര്‍ സര്‍വീസ് നടത്തുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചശേഷം ഇടയ്ക്ക് ആക്രി ബിസിനസിലേക്കു മാറിയെങ്കിലും തകര്‍ച്ചയായിരുന്നു. അതിനാല്‍ നീണ്ടകര ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധന വള്ളത്തില്‍ പോവുകയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: