ഫ്ളോറിഡ: കനത്ത മഴ തുടരുന്നതിനാല്‍ ട്വന്റി20 ലോകകപ്പില്‍ ഭാരതത്തിന്റെ അവസാന ഗ്രൂപ്പ് ഘട്ട പോരാട്ടം നടന്നേക്കില്ല. നാളെ കാനഡയ്ക്കെതിരെയാണ് മത്സരം. ഫ്ളോറിഡയിലെ ലോദര്ഹില് പ്രദേശത്താണ് കളി നടക്കേണ്ട സ്റ്റേഡിയം. ഈ ഭാഗത്ത് ദിവസങ്ങളായ് കനത്ത മഴയാണ്. ചെറിയ തോതില്‍ വെള്ളപ്പൊക്കം വരെ ഉടലെടുത്ത സാഹചര്യമാണ് ഇവിടെ. ഇതേ തുടര്‍ന്നാണ് ലോദര്ഹില്സില് ഷെഡ്യൂള്‍ ചെയ്ത മത്സരങ്ങളുടെ കാര്യത്തില്‍ യാതൊരു വിധ ഉറപ്പും ഇല്ലാതായിരിക്കുന്നത്.
കഴിഞ്ഞ ദിവസം അമേരിക്കയ്ക്കെതിരായ മത്സരത്തിലെ വിജയത്തോടെ ഭാരതം സൂപ്പര്‍ എട്ട് ഉറപ്പിച്ചു. പക്ഷെ ലോദര്ഹിലില് മത്സരം നടക്കാത്ത സ്ഥിതിയാണെങ്കില്‍ പാകസ്ഥാന് പുറത്താകുകയും പകരം അമേരിക്ക മുന്നേറുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡിനെതിരെ പാകിസ്ഥാന്റെ അവസാന മത്സരം ഞായറാഴ്ച രാത്രി എട്ടിനാണ്.
കഴിഞ്ഞ ദിവസം ഇവിടെ നടക്കാനിരുന്ന ശ്രീലങ്ക-നേപ്പാള്‍ മത്സരവും മഴ കാരണം നടന്നിരുന്നില്ല. ഈ കളി മുടങ്ങിയത് വഴി മുന്‍ ചാമ്പ്യന്മാരായ ലങ്കയുടെ പ്രതീക്ഷയാണ് തകിടം മറിഞ്ഞത്. വെള്ളപ്പൊക്കം വരെ എത്തിയ സാഹചര്യത്തില്‍ പ്രദേശത്തോട് ചേര്‍ന്നുള്ള ഫോര്‍ട്ട് ലോദര്ഡെയ്ല്-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: