അങ്കമാലി: അക്കലേഷ്യ കാര്‍ഡിയ ബാധിച്ച 66 വയസുകാരനില്‍ പെറോറല്‍ എന്‍ഡോസ്‌കോപ്പിക് മയോടോമി (POEM) വിജയകരമായി പൂര്‍ത്തിയാക്കി അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍. അന്നനാളത്തിനുണ്ടാകുന്ന ചലന വൈകല്യമായ അക്കലേഷ്യ കാര്‍ഡിയ ചികിത്സിക്കുന്നതിനുള്ള ആധുനികവും സങ്കീര്‍ണവുമായ ചികിത്സാരീതിയാണ് പെറോറല്‍ എന്‍ഡോസ്‌കോപ്പിക് മയോടോമി എന്ന തേര്‍ഡ് സ്‌പേസ് എന്‍ഡോസ്‌കോപ്പി.
സാധാരണയായി അന്നനാളിയിലുള്ള മാംസപേശികള്‍ പ്രവര്‍ത്തിക്കുന്നത് വഴിയാണ് ഭക്ഷണം ആമാശയത്തിലേക്ക് പോകുന്നത്. എന്നാല്‍ അക്കലേഷ്യ കാര്‍ഡിയ ഉള്ള രോഗികളില്‍ മാംസപേശികള്‍ ചലിക്കാത്തതു മൂലം ഭക്ഷണം ആമാശയത്തിലേക്ക് പോകുന്നതിന് തടസം ഉണ്ടാവുകയും അന്നനാളിയില്‍ അത് കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട് തോന്നുകയും പകുതി ദഹിച്ച ഭക്ഷണം പുറത്തേക്ക് തികട്ടി വരിക, ചുമ, ദഹന പ്രശ്‌നങ്ങള്‍, ശരീര ഭാരക്കുറവ് എന്നിവക്കും കാരണമാകുന്നു.
അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ എത്തിയ രോഗിക്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബി. മുഹമ്മദ് നൗഫല്‍, അസോ. കണ്‍സള്‍ട്ടന്റ് ഡോ. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അക്കലേഷ്യ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈസൊഫേഗല്‍ മാനോമെട്രി ടെസ്റ്റ് നടത്തുകയം പെറോറല്‍ എന്‍ഡോസ്‌കോപ്പിക് മയോടോമി നടത്താമെന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തു. അന്നനാളത്തിലൂടെ പ്രഷര്‍ സെന്‍സറുകളുള്ള ഒരു കത്തീറ്റര്‍ ആമാശയത്തിലേക്ക് കടത്തിവിടുകയും അന്നനാളത്തിലെ മര്‍ദം അളക്കുകയും ചെയ്യുന്നതാണ് മാനോമെട്രി ടെസ്റ്റ്.
സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്ക് പകരം അന്നനാളത്തില്‍ ഇലക്ട്രോ സര്‍ജിക്കല്‍ ചികിത്സ വഴി തടസങ്ങള്‍ നീക്കുന്ന രീതിയാണ് പെര്‍ ഓറല്‍ എന്‍ഡോസ്‌കോപ്പിക്ക് മയോട്ടമി. ചുരുങ്ങിയ സമയം മാത്രം നില്ക്കുന്ന ചികിത്സയിലൂടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ വളരെ വേഗം രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ സവിശേഷതയെന്ന് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ സിഇഒ സുദര്‍ശന്‍ ബി. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: