പത്തനംതിട്ട: കുവൈറ്റിൽ തീപ്പിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം നൽകും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
ആരോഗ്യ മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക് പോകും. ജീവൻ ബാബു ഐ എ എസും മന്ത്രിക്കൊപ്പം കുവൈറ്റിലെത്തും. സഹിക്കാൻ കഴിയാത്ത അത്ര വേദനയാണ് ഓരോ കുടുംബത്തിനും ഉണ്ടായിരിക്കുന്നതെന്നും സംഭവം നിർഭാഗ്യകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടെ മരിച്ച മലയാളികളുടെ എണ്ണം 19 ആയി.
പ്രമുഖ മലയാളി വ്യവസായിയായ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു സംഭവം നടന്നത്. കെട്ടിടത്തിലെ തീ പൂർണ്ണമായും അണഞ്ഞിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തമുണ്ടായത്. 49 പേരാണ് മരിച്ചത്. ഇവരിൽ 21 പേർ ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നരിക്കുന്ന വിവരം.
അപകടത്തിൽ പരുക്കേറ്റവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പലരും കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത് 27 പേർ. ഇവരിൽ കൂടുതലും മലയാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: