ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ സൗന്ദര്യം എന്നത്, ഈ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ സുതാര്യതയാണ്. ഓരോ അഞ്ച് വര്‍ഷം കൂടുന്തോറും രാജ്യത്തെ ആര് നയിക്കണം എന്ന് ജനം തീരുമാനിക്കുന്ന സമയം. അവിടെ തെറ്റ് സംഭവിച്ചാല്‍ തകരുന്നത് രാഷ്ട്രമാണ്. ഈ തെരഞ്ഞെടുപ്പില്‍, രാഷ്ട്രത്തേക്കാള്‍ വലുതാണ് അധികാരം എന്ന് ചിന്തിക്കുന്നവരില്‍ നിന്ന് ഭാരതത്തെ കരകയറ്റിയത് ഈ രാജ്യത്തിന്റെ പുരോഗതിയെ നിഷ്പക്ഷമായി വിലയിരുത്തിയവരും തികഞ്ഞ രാജ്യസ്നേഹികളും ചേര്‍ന്നാണ്. അതല്ലായിരുന്നെങ്കില്‍ ‘സൗജന്യ വാഗ്ദാന’ത്തിന്റെ മറവില്‍ ഭാരതത്തിന്റെ ഭരണാവകാശം ഒരു തട്ടിക്കൂട്ട് മുന്നണിയില്‍ ചെന്നുചേരുമായിരുന്നു.
‘സൗജന്യ വാഗ്ദാനങ്ങള്‍’ അതായിരുന്നു കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള എക്കാലത്തേയും തുറുപ്പുചീട്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അതില്‍ മാറ്റമുണ്ടായില്ല. കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചാല്‍ നിര്‍ധനരായ സ്ത്രീവോട്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപ (വര്‍ഷത്തില്‍ ലഭിക്കുന്ന ആകെ തുക ഒരു ലക്ഷത്തി രണ്ടായിരം രൂപ) കൈമാറുമെന്നായിരുന്നു വാഗ്ദാനം. നിരവധി സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും ഉത്തര്‍പ്രദേശില്‍ ഇതുമായി ബന്ധപ്പെട്ട പ്രോമിസറി നോട്ടുകളോ അല്ലെങ്കില്‍ ഗ്യാരണ്ടി കാര്‍ഡുകളോ വ്യാപകമായി വിതരണം ചെയ്തു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായിരുന്നു ഈ ‘ഘടാ ഘട്’ സ്കീമിന്റെ പ്രധാന പ്രചാരകര്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിരവധി മുസ്ലിം സ്ത്രീകളാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ കത്തുന്ന വെയിലിനെ പോലും അവഗണിച്ച് വാഗ്ദാനം ചെയ്ത തുകയ്ക്കായി കാത്തുനില്‍ക്കുന്നത്. വിവിധ ദേശീയ മാധ്യമങ്ങള്‍ ലക്നൗവില്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ക്യൂ നില്ക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ക്യൂ നിന്നവരില്‍ ചിലരുടെ ആവശ്യം ഗ്യാരന്റി കാര്‍ഡുകളായിരുന്നു. നേരത്തെ ഗ്യാരന്റി കാര്‍ഡുകള്‍ ലഭിച്ചവര്‍ വാഗ്ദാനം ചെയ്ത പണം സ്വീകരിക്കുന്നതിനായും എത്തിയിരുന്നു. അതിനാവശ്യമായ ഫോമുകളും അവര്‍ പൂരിപ്പിച്ചു നല്കി. രേഖകള്‍ സ്വീകരിച്ചു എന്നതിന് തെളിവായി രസീതും കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ചുവെന്നാണ് സ്ത്രീകള്‍ അവകാശപ്പെടുന്നത്.
എന്നാലിപ്പോള്‍ ഈ വാഗ്ദാനത്തിന്റെ പേരില്‍ കോടതി കയറേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. ജനപ്രാതിനിധ്യ നിയമം, 1951 ലെ 123(1) -ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണ് രാഹുലും കൂട്ടരും നടത്തിയിരിക്കുന്നതെന്ന് ആരോപിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു മുമ്പാകെ നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് ദല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകന് വിഭോര്‍ ആനന്ദ്. ജനപ്രാതിനിധ്യ നിയമം 123(1) അനുസരിച്ച് കൈക്കൂലിയുടെ ഇനത്തിലാണ് ഈ വാഗ്ദാനങ്ങള്‍ വരുന്നത് എന്നതിനാല്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം. ആരോപണം സാധൂകരിക്കുന്നതിനാവശ്യമായ ചിത്രങ്ങളും വീഡിയോകളും തെളിവായി വിഭോര്‍ ഹാജരാക്കിയിട്ടുമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി എന്നിവര്‍ക്കുമെതിരെ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 146-ാം വകുപ്പ് പ്രകാരം അന്വേഷണം ആരംഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത്, ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സമ്മാനങ്ങളോ പണമോ യാതൊന്നും തന്നെ വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാടില്ല എന്ന് ഈ നിയമം വ്യക്തമാക്കുന്നു. ഇത് ലംഘിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഈ സംഭവം അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രപതി നിര്‍ദ്ദേശിക്കുകയും നിയമ ലംഘനം അന്വേഷണത്തില്‍ തെളിയുകയും ചെയ്താല്‍ കോണ്‍ഗ്രസ് എംപിമാരില്‍ ചിലരെങ്കിലും അയോഗ്യരാകും.
എന്താണ് ജനപ്രാതിനിധ്യ നിയമം, 1951
1951ലെ ജനപ്രാതിനിധ്യ (ആര്‍പി) ആക്ട് പ്രകാരമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നത്. ഈ നിയമത്തിലെ 123(1) വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് സമയത്തെ സമ്മാനങ്ങളും വാഗ്ദാനങ്ങളുമെല്ലാം കൈക്കൂലിയായി കണക്കാക്കും. സ്ഥാനാര്‍ത്ഥിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഏജന്റോ മുഖേന വോട്ടറെ സ്വാധീനിക്കാനുള്ള ഏതൊരു ശ്രമവും ഈ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
ലളിതമായി പറഞ്ഞാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അനുകൂലമായി വോട്ടു ചെയ്താല്‍ ലക്ഷം രൂപ വോട്ടര്‍മാര്‍ക്ക് നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് നല്‍കുമെന്നും ഗ്യാരണ്ടി കാര്‍ഡുകള്‍ വിതരണം ചെയ്യാമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ‘കൈക്കൂലി’തന്നെയാണ്.
ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം
വോട്ടിന് പകരം പണം എന്ന വാഗ്ദാനം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ്. ഈ വാഗ്ദാനം നടത്തിയവര്‍ക്ക് എതിരെ ഈ നിയമപ്രകാരം നിയമ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലും ഫലപ്രഖ്യാപനത്തിലും കോടതിയുടെ ഇടപെടലുകള്‍ പരിമിതമായിരിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുണ്ട്. സാങ്കേതികപരമായി ഓരോ തെരഞ്ഞെടുപ്പും ചോദ്യം ചെയ്യേണ്ടി വരും. തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് ഈ വാഗ്ദാനം എത്രത്തോളം വിജയഘടകമായി എന്ന് തെളിയിക്കാന്‍ സാധിക്കണം. തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള സാധ്യത കുറവാണെങ്കിലും ജനപ്രാതിനിധ്യ നിയമ പ്രകാരമുള്ള കുറ്റകൃത്യമാണ് ഇത്തരം വാഗ്ദാനങ്ങള്‍.
അഡ്വ.ആര്.വി.ശ്രീജിത്ത് (ഹൈക്കോടതി അഭിഭാഷകന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: