അവസാനം ജി. സുധാകരന് തന്നെ അത് പറഞ്ഞിരിക്കുന്നു. പതിറ്റാണ്ടുകളായി പല നിലകളില്‍ താന്‍ പ്രവര്‍ത്തിച്ചുവരുന്ന സിപിഎമ്മില്‍ തികഞ്ഞ ഏകാധിപത്യമാണെന്നും, ആഭ്യന്തര ജനാധിപത്യം ഇല്ലെന്നും, പാര്‍ട്ടി വന്‍തോതില്‍ അപചയം നേരിടുകയാണെന്നും, സ്വാധീന മേഖലകള്‍ ഒന്നൊന്നായി പാര്‍ട്ടിക്ക് നഷ്ടപ്പെടുകയാണെന്നും ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ സുധാകരന് തുറന്നടിച്ചിരിക്കുകയാണ്. ഒരാള്‍ വിചാരിച്ചാല്‍ എല്ലാവരെയും അടക്കി ഭരിക്കാനാവില്ലെന്നും, വീഴ്ചകള്‍ വന്നാല്‍ വിമര്‍ശിക്കണമെന്നും ചൂണ്ടിക്കാട്ടണമെന്നും സുധാകരന് പറയുന്നു. ആരെയും ഭയക്കേണ്ടതില്ല. രണ്ടാം പിണറായി സര്‍ക്കാരിനെ പാര്‍ട്ടി അനുഭാവികളും വിമര്‍ശിക്കുന്നു. ആയിരം സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിനേക്കാള്‍ നല്ലത് ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിപിഎം കോട്ടകളില്‍ വിള്ളലുണ്ടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്ത സ്ഥലങ്ങളില്‍ പോലും മൂന്നാമതായി. കായംകുളത്തും പുന്നപ്രയിലും വോട്ട് ചോര്‍ന്നു. ഇവിടങ്ങളില്‍ വോട്ടുചോര്‍ന്നത് ചരിത്രത്തില്‍ ആദ്യം… ഇതൊക്കെയാണ് സുധാകരന് വിളിച്ചു പറഞ്ഞിരിക്കുന്നത്. എല്ലാം അടക്കി ഭരിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയിലെ ആ ഒരാള്‍ ആരാണെന്നും, സിംഹങ്ങളെ നയിക്കുന്ന കഴുത ആരാണെന്നും സിപിഎമ്മിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ അറിയാവുന്ന ആരെയും പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. പറയുന്നത് ഒന്നാം പിണറായി സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രി ആയിരിക്കുകയും, നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പോലും നല്‍കാതെ രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് മുന്‍കൂട്ടി ഒഴിവാക്കുകയും ചെയ്ത ആളാണല്ലോ.
അധികാരത്തുടര്‍ച്ച ലഭിച്ച പിണറായി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും കൂട്ടത്തോല്‍വി സംഭവിച്ചിരിക്കുന്നു. ഒരു സീറ്റില്‍ മാത്രമാണല്ലോ ജയിക്കാന്‍ കഴിഞ്ഞത്. ഇങ്ങനെയൊരു ജനവിധി അണികളെ ഞെട്ടിച്ചിട്ടും ഇതിന്റെ കാരണങ്ങള്‍ എന്താണെന്നും ആര്‍ക്കാണ് ഉത്തരവാദിത്തമെന്നും പരിശോധിക്കാനുള്ള സത്യസന്ധമായ യാതൊരു ശ്രമവും സിപിഎമ്മില്‍ നടക്കുന്നില്ല. മറ്റു നേതാക്കളൊക്കെ നിശബ്ദത പാലിക്കുകയും, മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഏകപക്ഷീയമായി ചിലത് പറയുകയുമാണ് ചെയ്തത്. ജനവിധി ആഴത്തില്‍ പരിശോധിക്കുമെന്നും തിരുത്തലുകള്‍ വരുത്തുമെന്നുമൊക്കെ ഫേസ്ബുക്കില്‍ കുറിപ്പിടുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമുള്ളതുകൊണ്ടാണിത്. ഒരു ക്രൈസ്തവ മതമേലധ്യക്ഷനെ അധിക്ഷേപിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമവും പിണറായി ഇതിനിടെ നടത്തുകയുണ്ടായി. സര്‍ക്കാരിന്റെ പോക്കില്‍ പ്രതിഷേധം രേഖപ്പെടുത്തി തിരുത്തല്‍ വേണമെന്ന് എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ആവശ്യപ്പെട്ടിരുന്നു. തന്റെ രാജി ആവശ്യപ്പെട്ട് ആരും വരേണ്ടതില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നല്കിയ മറുപടി സിപിഐക്ക് കൂടിയുള്ളതാണ്. ഈ സാഹചര്യത്തിലാണ് വിമര്‍ശന ശരങ്ങളുമായി സുധാകരന് രംഗത്ത് വന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ ഒഴിവാക്കിയതിന്റെ അമര്‍ഷം സുധാകരന്റെയുള്ളില് ഉണ്ടാവാം. മുഖ്യമന്ത്രിയുടെ മരുമകന് വഴിയൊരുക്കാന്‍ മുന്‍ മന്ത്രിമാരായ സുധാകരനും തോമസ് ഐസക്കും ഉള്‍പ്പെടെയുള്ള നേതാക്കളെ ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവല്ലോ. ഒന്നാം പിണറായി സര്‍ക്കാരില്‍ അഴിമതിക്കാരന് അല്ലാത്ത സുധാകരനോട് സിപിഎം അനീതി കാണിക്കുകയാണെന്ന തോന്നല്‍ പാര്‍ട്ടിക്കകത്തും പുറത്തുമുണ്ടായി. ഇതിനെക്കുറിച്ച് പല സന്ദര്‍ഭങ്ങളിലും സുധാകരന് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.
മനസ്സിലുള്ളത് തുറന്നു പറയാന്‍ മടിക്കാത്ത ആളാണ് സുധാകരനെന്ന് എല്ലാവര്ക്കും അറിയാം. സിപിഎമ്മിലുള്ളത് പാര്‍ട്ടി ക്രിമിനലുകളാണെന്ന് ഒരിക്കല്‍ പറഞ്ഞത് ഇതിനുദാഹരണം. ഒന്നാം പിണറായി സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ, സംസ്ഥാനസര്‍ക്കാര്‍ ചോദിക്കുന്നതെന്തും നല്കുന്ന ഒരു സര്‍ക്കാരാണ് നരേന്ദ്ര മോദിയുടെതെന്നും ജി.സുധാകരന് പറയുകയുണ്ടായി. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വഹിച്ചതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഇങ്ങനെ പറഞ്ഞത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണെന്നും, ബിജെപി മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഇല്ലെന്നും, കോണ്‍ഗ്രസ് ഭരണകാലത്തെപ്പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ലെന്നും സുധാകരന് പറയുന്നത്. ഇതൊക്കെ സത്യമാണെങ്കിലും ഒരു സിപിഎം നേതാവ് ഇങ്ങനെ പറയുന്നതില്‍ അസ്വാഭാവികതയുണ്ട്. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി മുതല്‍ പൊളിറ്റ് ബ്യൂറോവരെ കണ്ണടച്ച് ഇരുട്ടാക്കുന്ന കാര്യങ്ങളാണല്ലോ ഇതെല്ലാം. മോദി സര്‍ക്കാരിനെ ജനങ്ങള്‍ മൂന്നാമതും അധികാരത്തിലേറ്റിയിരിക്കുന്നതിനുപിന്നില് അഴിമതി രാഹിത്യം ഒരു ഘടകമാണ്. സുധാകരനും ഇത് ശരിവയ്ക്കുന്നതില്‍ പുതുമയുണ്ട്. ഇതിന് കടകവിരുദ്ധമായ കാര്യങ്ങളാണല്ലോ പിണറായി ഭരണത്തില്‍ നടക്കുന്നതെന്ന് സുധാകരന് പറയുന്നതില്‍ നിന്ന് വായിച്ചെടുക്കാം. പിണറായിപ്പേടിയില്ലാത്ത സിപിഎം നേതാക്കളില്‍ ഒരാളാണ് സുധാകരന്. വിഭാഗീയതയുടെ കാലത്ത് വി.എസ്. അച്യുതാനന്ദനെതിരെ പോരാടിയ നേതാവായ സുധാകരന് അഴിമതിക്കാരന് അല്ലെന്ന് എതിരാളികള്‍ പോലും സമ്മതിക്കും. അഭിപ്രായ ധീരത പുലര്‍ത്തുന്ന ആളുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുകയും വന്‍ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ സുധാകരന്റെ വാക്കുകള്‍ക്ക് സവിശേഷമായ പ്രസക്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: