കോട്ടയം: യു.ഡി.എഫിലേക്കു മടങ്ങുമെന്ന ജോസ് കെ. മാണിയുടെ ഭീഷണിക്കു മുന്നില്‍ സിപിഎം കീഴടങ്ങിയെന്ന പൊതുവികാരമാണ് പാലായില്‍ അണികള്‍ക്കിടയിലുളളത്. പാലായുടെ ചരിത്രത്തില്‍ ആദ്യമായി സിപിഎമ്മിന് കിട്ടേണ്ടിയിരുന്ന മുനിസിപ്പല്‍ ചെയര്‍മാന്‍ പദവി ജോസ് കെ മാണിക്ക് മുന്നില്‍ അടിയറവ് വെച്ചതു മുതല്‍ സിപിഎമ്മിന്‌റെ കൈയിലിരുന്ന രാജ്യസഭാ സീറ്റ് മാണിവിഭാഗത്തിന് കൈമാറിയത് വരെയുള്ള വിഷയങ്ങള്‍ പാലായിലെ പരമ്പരാഗത സിപിഎം പ്രവര്‍ത്തകര്‍ക്ക് അത്ര ദഹിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ ജോസ് കെ. മാണിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടിയുടെ ഏക മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന ബിനു പുളിക്കക്കണ്ടത്തെ നോട്ടീസ് പോലും നല്‍കാതെ പുറത്താക്കിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. പുറത്താക്കിയ വിഷയത്തില്‍ പാലാ നഗരത്തില്‍ ഉടനീളം ജോസ് കെ. മാണിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ജോസ് കെ മാണിക്കു ഭയം, ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യങ്ങള്‍ എന്നെഴുതി പാലാ പൗരാവലിയുടെ പേരിലാണ് ഫ്‌ളക്‌സ് ഉയര്‍ന്നത്. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‌റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസുകാര്‍ നഗരം മുഴുവന്‍ നടന്ന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറിയെടുത്ത് കത്തിക്കേണ്ട സാഹചര്യം പോലുമുണ്ടായി. ജോസ് കെ മാണിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക എന്നുള്ളത് അസാധാരണ നടപടിയാണെന്നും പുറത്താക്കലിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. എന്‍എസ്എസ് നേതൃനിരയിലുള്ള ബിനു പുളിക്കക്കണ്ടത്തെ പുറത്താക്കിയതു വഴി നായര്‍ സമുദായത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് സിപിഎം ഏരിയ കമ്മിറ്റി ചെയ്തതെന്നും ആക്‌ഷേപമുണ്ട്. പാലാ മേഖലയില്‍ നായര്‍ സമുദായാംഗങ്ങളാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രം. പ്രത്യേകിച്ച് തെക്കേക്കരയില്‍. ഏതു പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെങ്കിലും ഇല്ലെങ്കിലും വിജയിക്കത്തക്കവിധം ജനസമ്മതിയുള്ളയാളാണ് ബിനുവെന്നത് തെളിയിക്കപ്പെട്ടതുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: