ആലപ്പുഴ: ചേര്‍ത്തല മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി പഞ്ചായത്ത് ഇവിടങ്ങളിലെ പക്ഷികളില്‍ പക്ഷിപ്പനി സംശയിക്കുന്നതിനാലും, മുഹമ്മ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാലും ഈ പ്രദേശങ്ങളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ജാഗ്രത മേഖലയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ കോഴി, മറ്റു പക്ഷികളെ വളര്‍ത്തുന്നവര്‍ കര്‍ശനമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം.
പക്ഷിപ്പനി പല പഞ്ചായത്തുകളില്‍ സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ അധിക വ്യാപനം തടയുന്നതിന് വേണ്ടി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, കുമരകം, അയ്മനം, ആര്‍പ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂര്‍, മാരാരിക്കുളം വടക്ക്, ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാര്‍ഡുകള്‍, പട്ടണക്കാട്, വയലാര്‍, ചേന്നം പള്ളിപ്പുറം, വൈക്കം മുനിസിപ്പാലിറ്റി, ടിവി പുരം, തലയാഴം, കടക്കരപ്പള്ളി എന്നിവയാണ് ജാഗ്രത മേഖലയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍.
ഫാമിലും പരിസരത്തും പുറമേ നിന്ന് വാഹനങ്ങള്‍, വ്യക്തികള്‍ പ്രവേശിക്കാതെ സൂക്ഷിക്കുക. ശരിയായ രീതിയില്‍ അണുനശീകരണം നടത്തിയ വാഹനങ്ങള്‍, ഉപകരണങ്ങള്‍ മാത്രം അനുവദിക്കുകയും ഫാമില്‍ നിന്ന് പുറത്തു പോകുന്ന വാഹനങ്ങള്‍ക്കും അണുനശീകരണം നടത്തിയിരിക്കേണ്ടതാണ്.പുറമേ നിന്നുള്ള മറ്റു പക്ഷി മൃഗാദികള്‍ ഫാം പരിസരത്ത് പ്രവേശിക്കാതെ സൂക്ഷിക്കേണ്ടതാണ്.ഫാമില്‍ ജോലി ചെയ്യുന്നവര്‍ കൈയുറ, മുഖാവരണം, ഗംബൂട്ട്/ഷുകവര്‍ മുതലായവ ധരിക്കേണ്ടതും, അണുനാശിനികള്‍ ഉപയോഗിച്ച് വ്യക്തി ശുചിത്വം ഉറപ്പാക്കേണ്ടതുമാണ്. ഫാം നടത്തുന്നവര്‍ മറ്റു പക്ഷി ഫാമുകളോ, സങ്കേതങ്ങളോ സന്ദര്‍ശിക്കാന്‍ പാടുള്ളതല്ല.
ഫാമിന്റെ പ്രവേശന കവാടത്തില്‍ രണ്ട് ശതമാനം വീര്യമുള്ള പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തേണ്ടതാണ്.ഫാമിലുള്ള പക്ഷികളുടെ കൃത്യമായ രേഖകള്‍ സൂക്ഷിക്കേണ്ടതാണ്. പക്ഷികളില്‍ അസ്വഭാവിക മരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ അറിയിക്കേണ്ടതാണ് എന്നീ ജാഗ്രത നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: