തിരുവനന്തപുരം: ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലും രാഷ്ട്രീയവുമായി ഭരണ പ്രതിപക്ഷാംഗങ്ങള്‍. കേരളത്തിലെ ബിജെപി വളര്‍ച്ചയെ കുറിച്ചായിരുന്നു ഇടത് വലത് നേതാക്കളുടെ ചര്‍ച്ച മുഴുവന്‍. പരസ്പരം പഴിചാരിയാണ് നേതാക്കള്‍ സംസാരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ഇടതുപക്ഷത്തിനുണ്ടായതെന്ന് ഗോവിന്ദന് പറഞ്ഞു. 11 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് നേടിയത്. ബിജെപിയുടെ മുന്നേറ്റത്തെ ശക്തമായി എതിര്‍ക്കണം. സംഘടനാപരമായ വിഷയങ്ങളുണ്ടായിട്ടുണ്ടെങ്കില് ആവശ്യമായ തിരുത്തലുകള്‍ വരുത്തി ശക്തമായി തിരിച്ചുവരുമെന്നും ഗോവിന്ദന് പറഞ്ഞു. കോണ്‍ഗ്രസാണ് തൃശൂരില്‍ ബിജെപിയെ വിജയിപ്പിച്ചത്.
2019ല്‍ കിട്ടിയ 86,965 വോട്ടാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. ആ വോട്ടുകള്‍ അപ്പാടെ ബിജെപിയിലേക്ക് പോയി. നേമത്ത് ഒ. രാജഗോപാലിനെ ജയിപ്പിച്ചതും കോണ്‍ഗ്രസാണെന്നും ഗോവിന്ദന് ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി കുറച്ചു കൂടി ശ്രമിച്ചിരുന്നെങ്കില്‍ കേന്ദ്രത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ വരില്ലായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ എം.വി. ഗോവിന്ദന് പറഞ്ഞു. കരുവന്നൂരില്‍ അകത്താകാതിരിക്കാന്‍ വേണ്ടി സിപിഎം ആണ് ബിജെപിയെ വിജയിപ്പിച്ചതെന്ന് തിരിച്ചടിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല സംസാരിച്ചത്. തൃശ്ശൂരിലെ ബിജെപി വിജയത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ പഴിചാരിയ എം.വി. ഗോവിന്ദന് ആറ്റിങ്ങലിലെയും ആലപ്പുഴയിലെയും സിപിഎമ്മിന് നഷ്ടപ്പെട്ട വോട്ടുകളുടെ കണക്ക് പറഞ്ഞ് രമേശ് ചെന്നിത്തല മറുപടി നല്കി. മോദിക്കെതിരെ രാഹുല്‍ പോരാടിയപ്പോള്‍ രാഹുലിനെ പിന്നില്‍ നിന്നുകുത്തുകയായിരുന്നു സിപിഎമ്മെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇങ്ങനെ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം ബിജെപി വിജയത്തെ കുറിച്ചായിരുന്നു സംസാരം.
തെരഞ്ഞെടുപ്പ് തോറ്റതിന്റെ പേരില്‍ രാജി വയ്ക്കാന്‍ ഉപദേശിക്കേണ്ടത് കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിജയത്തില്‍ അഹങ്കരിക്കാതെ ബിജെപി എങ്ങനെ തൃശൂരില്‍ വിജയിച്ചെന്ന് ഒരുമിച്ച് ചിന്തിക്കണമെന്ന് നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ ജയിച്ചതില്‍ വേവലാതിയില്ല. ഞങ്ങള്‍ക്ക് നഷ്ടവുമില്ല. എങ്ങനെ ബിജെപി ജയിച്ചു എന്ന് ഒരുമിച്ച് ഗൗരവമായി കാണണം. പ്രസംഗത്തിനിടെ ചില പ്രതിപക്ഷ അംഗങ്ങള്‍ എതിര് ശബ്ദം ഉയര്‍ത്തിയപ്പോള്‍ പറഞ്ഞതില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിക്കാതെ ബബ്ബബ്ബ പറയരുതെന്നായിരുന്നു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: