ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും ബംഗ്ലാദേശിനെ പിടികൂടി നിര്‍ഭാഗ്യം. അമ്പയറുടെ തെറ്റായ തീരുമാനം റിവ്യൂവിലൂടെ തിരുത്തപ്പെട്ടെങ്കിലും നഷ്ടമായത് നിര്‍ണായകമായ നാല് റണ്‍സാണ്. ഈ നാല് റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ തോല്‍വിയും.
17-ാം ഓവറിലെ രണ്ടാമത്തെ പന്തിലാണ് നിര്‍ഭാഗ്യം എല്ബിഡബ്ലൂവിന്റെ രൂപത്തിലെത്തിയത്. 20 റണ്‍സുമായി ക്രീസിലുള്ള മഹ്മുദുള്ളയുടെ പാഡില്‍ ബാര്ട്ട്മാന് എറിഞ്ഞ പന്ത് തട്ടി. അപ്പീല്‍ ചെയ്ത ദക്ഷിണാഫ്രിക്കന്‍ താരങ്ങള്ക്കനുകൂലമായിരുന്നു അമ്പയറുടെ വിധി.
എന്നാല്‍ ഈ സമയം പന്ത് ഉരുണ്ട് ബൗണ്ടറി ലൈന്‍ കടന്നിരുന്നു. ഔട്ട് ചോദ്യം ചെയ്ത് മഹ്മദുള്ളയുടെ റിവ്യൂ. വിശദപരിശോധനയില്‍ അമ്പയറുടെ തീരുമാനം തെറ്റെന്ന് വ്യക്തമായി. മഹ്മുദുള്ളയ്ക്ക് വീണ്ടും ജീവന് കിട്ടിയെങ്കിലും ബൗണ്ടറി കടന്ന പന്ത് ഡെഡ് ബോളായി. ഐസിസി ചട്ടം അനുസരിച്ച് അമ്പയര്‍ ഔട്ട് വിളിച്ചത് റിവ്യൂവില്‍ തിരുത്തപ്പെട്ടാലും ആ ബോള്‍ ഡെഡ് ബോളായി കണക്കാക്കും. ഇതോടെ ബംഗ്ലാദേശിന് നഷ്ടമായത് നിര്‍ണായകമായ നാല് റണ്‍സും.
ഐസിസി നിയമത്തിനെതിരെ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും രംഗത്തെത്തി. ഇത്തരം ഘട്ടങ്ങളില്‍ എല്‍ബിഡബ്ല്യു അനുവദിക്കുന്നതിന് മുന്‍പ് അമ്പയര്‍ വിശദമായ പരിശോധന നടത്തണമെന്നാണ് ആവശ്യം. ബംഗ്ലാദേശിന്റെ ടോപ് സ്കോററായ തൗഹിദ് ഹൃദോയ് അമ്പയറുടെ പിഴവുകൊണ്ടാണ് ടീം തോറ്റതെന്ന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: