തൃശൂര്‍: ലോക് സഭാ തെരഞ്ഞെടുപ്പില്‍ വി എസ് സുനില്‍കുമാര്‍ പരാജയപ്പെട്ടതില്‍ സി പി ഐ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ മേയര്‍ എം.കെ. വര്‍ഗീസിനെ സിപിഎം വിളിച്ചുവരുത്തി. ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ മേയര്‍ സിപിഎം ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപിയെ അനുകൂലിച്ച് മേയര്‍ പ്രസ്താവന നടത്തിയ സംഭവത്തിലാണ് സിപിഐ അതൃപ്തി പ്രകടിപ്പിച്ചത്.
സുരേഷ് ഗോപിയോട് പ്രത്യേക ആഭിമുഖ്യം തനിക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മേയര്‍ പറഞ്ഞു.മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. പദ്ധതികളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്.താന്‍ ഇടതുപക്ഷത്തിനൊപ്പമാണ്. തന്നെ മേയറാക്കിയത് സിപിഎമ്മാണ്. പാര്‍ട്ടി നയം ഉള്‍ക്കൊണ്ടാണ് മുന്നോട്ടു പോകുന്നത്.
ഒരു സ്ഥാനാര്‍ഥിക്ക് തന്റെ ചേംബറില്‍ വരാന്‍ അവകാശമില്ലേയെന്നും വന്നയാള്‍ക്ക് താന്‍ ചായ കൊടുത്തത് തെറ്റാണോയെന്നും മേയര്‍ ചോദിച്ചു.വൈറ്റ് പാലസ് ഹോട്ടലില്‍ ഒരു യോഗത്തിന് പോയതാണ് താന്‍.തൊട്ടടുത്ത ഭാരത് ഹോട്ടലില്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ സുരേഷ് ഗോപിയെ കണ്ടു.
ജില്ലാ സെക്രട്ടറി തന്നെ വിളിച്ചു വരുത്തിയതല്ല. മറ്റൊരു കാര്യത്തിന് പോയപ്പോള്‍ അദ്ദേഹം മാധ്യമ വാര്ത്തകളെപ്പറ്റി പറഞ്ഞു. തുടര്‍ന്നാണ് വിശദീകരണം നല്കാന് വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും മേയര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: