കണ്ണൂര്‍: ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ നാറാത്ത് പഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ നിര്‍മാണം പാതിവഴിയിലായി. ദീര്‍ഘവീക്ഷണമില്ലാതെ കോടികള്‍ ചെലവഴിച്ചു പുഴയോരത്തുണ്ടാക്കിയ ടൂറിസം പദ്ധതിയിലേക്ക് വിനോദസഞ്ചാരികള്‍ എത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതുകാരണം വിനോദ സഞ്ചാരവകുപ്പിന് വരുമാനവും ലഭിക്കുന്നില്ല. വളപട്ടണം പുഴയുടെ കൈവഴിയായ കാട്ടാമ്പളളി വഴി പുല്ലൂപ്പിയിലൂടെ കടന്നു പോകുന്ന പുഴയുടെയും പുഴയോരത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനുളള സൗകര്യത്തിനായി പുല്ലൂപ്പിക്കടവില്‍ പൂര്‍ത്തിയായ ടൂറിസം സെന്റര്‍ പദ്ധതിയാണ് പാതിവഴിയിലായത്.
കണ്ണാടിപ്പറമ്പിനെ കണ്ണൂര്‍ ടൗണുമായി ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലത്തിലും അനുബന്ധ റോഡിലും പ്രഭാതസവാരിക്കും കാഴ്ചകള്‍ കാണാനും നിരവധി പേരാണ് ദിനംപ്രതി എത്തിയിരുന്നത്. എന്നാല്‍ പദ്ധതിയുടെ പാതിവഴിയിലാണ് ടൂറിസം വകുപ്പ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതെന്ന ആരോപണവുമുണ്ട്. ഉദ്ഘാടനത്തിനുശേഷം പദ്ധതി യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ടൂറിസം വകുപ്പ് പറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പ്രതികൂലമായി ബാധിക്കുകയായിരുന്നു. പദ്ധതി പ്രദേശത്ത് ബാരിക്കേഡ് കെട്ടി ടിക്കറ്റ് നല്‍കിയാണ് ഇപ്പോള്‍ പ്രവേശനം നല്‍കുന്നത്. ടൈല്‍പാകിയ പുഴയോരങ്ങളില്‍ നടക്കാന്‍ മാത്രം ഇരുപതുരൂപ വാങ്ങുന്നുണ്ട്്. നാറാത്ത് ഗ്രാമപഞ്ചായത്ത്സമര്പ്പിച്ച വിശദപദ്ധതിക്ക് 4.15 കോടിരൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്.
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയില്‍ വാക്ക് വേയും ഇരിപ്പിടവും പാലത്തിന് ഇരുവശവും ചിത്രപ്പണികളോടു കൂടിയ വിളക്കുകാലുകളും ഒരുക്കിയിരുന്നു. ജലകായിക വിനോദസംവിധാനങ്ങള്‍, പാര്‍ക്ക്, നടപ്പാതകള്‍, സൈക്ലിങ് പാത, കഫ്റ്റീരിയ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. മുംബൈയില്‍ നിന്നും ഇറക്കുമതി ചെയ്ത വെളളത്തിലേക്ക് ഇറങ്ങി നില്ക്കുന്ന 16മീറ്റര്‍ നീളത്തില്‍ പാലത്തോടുകൂടിയ ഫ്ളോട്ടിങ് ഡൈനിങ് സഞ്ചാരികള്‍ക്ക് കൗതുകമാകാതെ കിടക്കുകയാണ്. എത്രയും പെട്ടെന്ന് പദ്ധതി പൂര്‍ത്തിയാക്കി ടൂറിസം സെന്റര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തീകരിച്ചാല്‍ വിനോദസഞ്ചാരികളെ ധാരാളമായി ഇവിടുത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: