ന്യൂദല്‍ഹി: ആം ആദ്മി വാഗ്ദാനം ചെയ്ത മാസം തോറും സ്ത്രീകള്‍ക്ക് ആയിരം രൂപ പാരിതോഷികം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ ആം ആദ്മി ധനമന്ത്രി അതിഷി മര്‍ലേനയുടെ വീടിന് മുന്പില് പ്രതിഷേധം നടത്തി. ബിജെപിയുടെ മഹിളാ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു സ്ത്രീകളുടെ ഈ സമരം.
ഇക്കഴിഞ്ഞ ബജറ്റിലാണ് ദല്‍ഹി നഗരത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും മാസം ആയിരം രൂപ വീതം പാരിതോഷികം നല്‍കാമെന്ന് ആം ആദ്മി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ മന്ത്രി അതിഷി മര്‍ലേനയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്.
പാരിതോഷികം കിട്ടാനുള്ള ഫോം പൂരിപ്പിച്ച് നല്‍കിയെന്നും ആ തുക നല്‍കണമെന്നുമാണ് സ്ത്രീകള്‍ ഉയര്‍ത്തിയ മുദ്രാവാക്യം. “ഇത് പ്രകടനപത്രികയിലെ വാഗ്ദാനമല്ല, ബജറ്റിലെ തീരുമാനമാണ്. അതിനാല്‍ ഇത് നടപ്പാക്കാന്‍ ആം ആദ്മി സര്‍ക്കാരിന് ബാധ്യതയുണ്ട്”.- സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ പറയുന്നു.
സമാധാനപരമായാണ് സമരം ചെയ്തതെന്നതിനാല്‍ ആരെയും അറസ്റ്റ് ചെയ്തില്ലെന്ന് പൊലീസ് പറഞ്ഞു. 2024-25ലെ ബജറ്റിലാണ് ധനമന്ത്രി അതിഷി മര്‍ലേന 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാസം ആയിരം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിനായി ഫോം പൂരിപ്പിച്ചു നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഫോം പൂരിപ്പിച്ച് നല്‍കിയിട്ടും തുക നല്‍കിയില്ലെന്ന പരാതിയുമായാണ് സ്ത്രീകള്‍ മന്ത്രി അതിഷിയുടെ വീടിന് മുന്നില്‍ തന്നെ പ്രതിഷേധവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: