ന്യൂദല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാന് കര്‍ഷകരുടെയും കൃഷിഭൂമിയുടെയും മിത്രമാണ്. അദ്ദേഹത്തെ കൃഷിവകുപ്പിന്റെ കടിഞ്ഞാണ്‍ മോദി ഏല്പിച്ചിരിക്കുന്നത് മനപൂര്‍വ്വം തന്നെ. കാരണം ഇതിനേക്കാള്‍ കരുത്തനായ ഒരു കൃഷി മന്ത്രിയെ ഇന്ത്യയ്ക്ക് കിട്ടാനില്ല.
രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് മൂന്ന് കാര്‍ഷിക ബില്ലുകള്‍ പുറത്തിറക്കിയപ്പോള്‍ വേണ്ടത്ര കര്‍ഷകരുടെ പിന്തുണ ഉറപ്പാക്കാന്‍ അന്നത്തെ കൃഷി മന്ത്രിക്ക് കഴിഞ്ഞില്ല. അതാണ് മാസങ്ങളോളം ദല്‍ഹിയെ സ്തംഭിപ്പിച്ച കര്‍ഷകസമരത്തിന് കാരണമായത്. പിന്നിട്ട നാളുകളിലെ കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീര്‍ക്കാനും കര്‍ഷകരെ വിശ്വാസത്തിലെടുക്കാനും ശക്തനായ കൃഷിമന്ത്രിയായി ശിവരാജ് സിങ്ങ് ചൗഹാന് എത്തുകയാണ്.
ഉത്തര്‍പ്രദേശിലെ വിദിഷ ലോക് സഭാ മണ്ഡലത്തില്‍ നിന്നും മൃഗീയഭൂരിപക്ഷത്തോടെയാണ് ശിവരാജ് ചൗഹാന് ജയിച്ചുകയറിയത്. 8.21 ലക്ഷം വോട്ടുകളാണ് ശിവരാജ് ചൗഹാന്റെ ഭൂരിപക്ഷമെന്നത് അദ്ദേഹത്തിന്റെ ജനപിന്തുണയുടെ തെളിവാണ്. 1991, 1996, 1998, 1999, and 2004 എന്നീ വര്‍ഷങ്ങളില്‍ ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം തുടര്‍ച്ചയായി ജയിച്ചിട്ടുണ്ട്. ഇത് ആറാം തവണയാണ് അദ്ദേഹം ലോക് സഭയിലേക്ക് വിജയിക്കുന്നത്.
മധ്യപ്രദേശിനെ കാര്‍ഷിക രംഗത്ത് ഒരു പവര്‍ഹൗസാക്കി മാറ്റിയ നേതാവാണ് ശിവരാജ് ചൗഹാന്. 2005 മുതല്‍ 2023 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് വിളയുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാക്കി മധ്യപ്രദേശിനെ മാറ്റിയെടുത്തു ചൗഹാന്. സോയബീന്‍, ചിക് പീ, തക്കാളി, വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, ഉലുവ എന്നീ കാര്ഷികോല്പന്നങ്ങളുടെ വിളവെടുപ്പിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഒന്നാംസ്ഥാനത്തേക്ക് മധ്യപ്രദേശിനെ ഉയര്‍ത്തിയത് ചൗഹാനാണ്.
ഉള്ളിയില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് മധ്യപ്രദേശ്. കടുകില്‍ രാജസ്ഥാന് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് മധ്യപ്രദേശ്. ചോളത്തിന്റെ ഉല്പാദനത്തില് കര്‍ണ്ണാടകം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് മധ്യപ്രദേശ്.
കഴിഞ്ഞ 10 വര്‍ഷം മധ്യപ്രദേശിന്റെ കാര്‍ഷിക വളര്‍ച്ച 6.5 ശതമാനമായിരുന്നു. ഇന്ത്യയുടെ കാര്‍ഷിക വളര്‍ച്ച 3.7 ശതമാനം മാത്രം ആയിരുന്നപ്പോഴാണിത്. രാധാമോഹന്‍ സിങ്ങ്, നരേന്ദ്രസിങ്ങ് തോമാര്‍, അര്ജുന് മുണ്ട എന്നിവരായിരുന്നു മോദി സര്‍ക്കാരിലെ കൃഷിമന്ത്രിമാര്‍. ഇവര്‍ക്ക് പകരം 2024ല്‍ എത്തുന്നത് കൃഷിയുടെയും കൃഷിഭൂമിയുടെയും കര്‍ഷകന്റെയും ഉള്ളറിയുന്ന കൃഷിമന്ത്രിയാണ്- അതാണ് ശിവരാജ് സിങ്ങ് ചൗഹാന്. പണ്ടും കാര്‍ഷിക വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ശക്തരായിരുന്നു. സി.സുബ്രഹ്മണ്യം, ജഗ്ജീവന്റാം, റാവു ബിരേന്ദ്രസിങ്ങ്, ബല്‍റാം ജാക്കര്‍ തുടങ്ങിയവര്‍. അവരെപ്പോലെ, ഒരു പക്ഷെ അതിന് മുകളിലോ തലയെടുപ്പുള്ള ശിവരാജ് സിങ്ങ് ഇന്ത്യയുടെ കാര്‍ഷികമേഖലയുടെയും കര്‍ഷകരുടെയും തലവര മാറ്റുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: