കോഴിക്കോട്: മാധ്യമ മേഖലയിലെ സമഗ്രസംഭാവന പരിഗണിച്ച് ‘കേസരി’ വാരികയും ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റും സംയുക്തമായി നല്കുന്ന 2023 ലെ ‘രാഷ്ട്രസേവാ’ പുരസ്കാരത്തിന് ജന്മഭൂമി ന്യൂസ് എഡിറ്ററും ഗ്രന്ഥകാരനുമായ മുരളി പാറപ്പുറം അര്‍ഹനായി. അമ്പതിനായിരം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
എറണാകുളം കാലടി സ്വദേശിയായ മുരളി പാറപ്പുറം തപസ്യ സംസ്ഥാന ഉപാധ്യക്ഷനാണ്.
നരേന്ദ്ര മോദി: നവഭാരതത്തിന്റെ നായകന്, ഗെയ്ല് ട്രെഡ്വെല്: ശുദ്ധഭ്രാന്തിന്റെ ഓര്‍മക്കുറിപ്പുകള്‍, കര്‍മയോഗിയുടെ കാല്‍പ്പാടുകള്‍, അമിത് ഷാ ആധുനിക ചാണക്യന്, പി. പരമേശ്വര്‍ജി നവോത്ഥാനത്തിന്റെ ദാര്ശനികന്, മദര്‍ തെരേസ മുഖവും മുഖംമൂടിയും, മാധ്യ വിമര്‍ശനം ദേശീയവീക്ഷണത്തില്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
രാഷ്ട്രീയം, മതം, സാംസ്കാരികം, കല, സാഹിത്യം, സിനിമ, സാമൂഹ്യം, പരിസ്ഥിതി, മാര്‍ക്സിസം തുടങ്ങിയ വിഷയങ്ങളിലും സിനിമാ നിരൂപണം, സാഹിത്യ വിമര്‍ശനം, പുസ്തക നിരൂപണം, അനുസ്മരണം എന്നീ വിഭാഗങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
കേസരി, ജന്മഭൂമി, സമകാലിക മലയാളം, കലാകൗമുദി, ചിതി, ഹിന്ദുവിശ്വ, ജനയുഗം, ജനശക്തി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു.
വി.എസ്. നയ്പാള്‍, ഓഷോ രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി, നോസ്ട്രഡാമസ്, കാള്‍ സാഗന്‍, എ.ബി. വാജ്പേയി, എല്‍.കെ. അദ്വാനി, കെ.ആര്. മല്‍ക്കാനി, ഡോ.സുബ്രഹ്മണ്യന് സ്വാമി തുടങ്ങിയവരുടെ ഇംഗ്ലീഷ് രചനകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ജന്മഭൂമിയില് വര്‍ഷങ്ങളോളം പ്രസിദ്ധീകരിച്ച ന്യൂക്ലിയസ് എന്ന പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ സത്യവാങ്മൂലം എന്ന പംക്തി എഴുതുന്നു. മൂന്ന് വര്‍ഷമായി ജന്മഭൂമിയില് മുഖപ്രസംഗങ്ങള്‍ എഴുതുന്നു.ഭാര്യ: അംബികാ ദേവി. മകള്‍: അനശ്വരാ ദേവി.
യുവ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ‘രാഘവീയം’ പുരസ്കാരത്തിന് മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനിലെ കണ്ടന്റ് റൈറ്റര്‍ അമൃത എ.യു അര്‍ഹയായി. വനവാസി മേഖലയിലെ പാരമ്പര്യ കൃഷിയുടെ തിരിച്ചുവരവിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ‘കാളിയമ്മയുടെ കഥ’ എന്ന ഫീച്ചറാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഇരുപത്തയ്യായിരം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പ്രമുഖ പത്രപ്രവര്‍ത്തകരായ പി.രാജന്, എം.രാജശേഖര പണിക്കര്‍, പി.ബാലകൃഷ്ണന്, എം.സുധീന്ദ്രകുമാര്‍ എന്നിവരടങ്ങുന്ന പുരസ്കാര നിര്‍ണ്ണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: