കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം പഠിക്കാൻ പാർട്ടി തയാറാവണമെന്ന് സിപിഎം മുതിർന്ന നേതാവ് പി. ജയരാജൻ. ചരിത്രത്തെ ശരിയായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാനുള്ള ഊർജം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം നേടിയുള്ളു എങ്കിലും തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷം നേടി അധികാരം നിലനിർത്തിയത് പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്റെ നാലാം ചരമ വാർഷികത്തോട് അനുബന്ധിച്ച് പാറാട് അനുസ്മരണ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ചരിത്രത്തെ ശരിയായി വിലയിരുത്തണം. അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോണം. നാം ഇത് വരെ ഉയർത്തിപ്പിടിച്ച ശക്തമായ നയങ്ങളും സമീപനങ്ങളും ഇനിയും ഉയർത്തിപ്പിടിക്കാനാവണം. എവിടെല്ലാം പോരായ്‌മകൾ സംഭവിച്ചു എന്ന് കൃത്യമായി പഠിച്ച് അതിൽ നിന്നും പാഠം ഉൾക്കൊള്ളണം. അങ്ങനെ മുന്നോട്ട് പോവാനായാൽ ഇനിയും തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാവും അദ്ദേഹം പറഞ്ഞു.
വിജയിച്ചാലും പരാജയപ്പെട്ടാലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നമ്മളെ പഠിപ്പിച്ചത്. ആ പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകണമെന്നും എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ജയരാജൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: