ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും കനത്ത തിരിച്ചടിയേറ്റപ്പോള്‍ ജനവിധി ആഴത്തില്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സിപിഎമ്മിലെ ചേരിപ്പോരില്‍ പാര്‍ട്ടിയും സര്‍ക്കാരും പ്രതിസന്ധിയിലായപ്പോള്‍ ഇതിനു വലിയൊരളവോളം ഉത്തരവാദിയായ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തനശൈലി മാറ്റണമെന്ന് പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും ആവശ്യമുയര്‍ന്നു. ശൈലിമാറ്റുന്ന പ്രശ്‌നമില്ലെന്നാണ് അന്ന് പിണറായി വിജയന്‍ പറഞ്ഞത്. ഇതേ ആളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോല്‍വി പിണഞ്ഞപ്പോള്‍ അത് പരിശോധിക്കുമെന്നും തിരുത്തുമെന്നുമൊക്കെ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും സംഭവിച്ച കനത്ത പരാജയത്തിന്റെ ഉത്തരവാദി പിണറായിയാണെന്ന വിമര്‍ശനം പല കോണുകളില്‍നിന്നും ഉയരുകയുണ്ടായി. ‘ഇന്‍ഡി’ മുന്നണിയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ കേരളത്തില്‍ മാത്രം ശത്രുവായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതിലെ അര്‍ത്ഥശൂന്യതയും കാപട്യവും പകല്‍പോലെ വ്യക്തമായിരുന്നു. ഇതിനു പുറമെ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളാണ് തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞതിന് മറുപടി പറയേണ്ടിവരുമെന്നു വന്നപ്പോഴാണ് ജനവിധി ആഴത്തില്‍ പരിശോധിക്കുമെന്നും തിരുത്തുമെന്നുമൊക്കെ പറയാന്‍ പിണറായി വിജയന്‍ നിര്‍ബന്ധിതനായത്. ഇതൊരു അടവുനയമാണ്.
നയങ്ങള്‍ പരിശോധിക്കും തിരുത്തും ശൈലി മാറ്റും എന്നൊക്കെ പറഞ്ഞാല്‍ സിപിഎമ്മിനെയും പിണറായി വിജയനെയും അറിയാവുന്ന ആരും അത് വിശ്വസിക്കില്ല. സിപിഎമ്മിലെ തെറ്റുതിരുത്ത് ഒരു ചരിത്രപരമായ പ്രഹസനമാണ്. സിപിഎം ഒരു തെറ്റ് തിരുത്തുന്നത് മറ്റൊരു തെറ്റ് ചെയ്യുന്നതിനാണ്. തെറ്റില്‍നിന്ന് തെറ്റുകളിലേക്ക് സഞ്ചരിക്കുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ഇങ്ങനെയുള്ള തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ആചാര്യനായിരുന്നു ഇ.എം.എസ്. നമ്പൂതിരിപ്പാട്. നമ്പൂതിരിപ്പാടിന് പറ്റുന്ന തെറ്റുകള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അത് നിഷേധിക്കുകയും, അവരെ കടന്നാക്രമിക്കുകയും ചെയ്യുന്ന ഇഎംഎസ് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആ തെറ്റ് ഏറ്റുപറയുന്ന ശൈലിയാണ് സ്വീകരിച്ചുപോന്നത്. തെറ്റുകള്‍ മാത്രം ചെയ്യുകയും അതൊക്കെ ശരിയാണെന്നു വാദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വിചിത്രമായ രീതിയാണ് ഇഎംഎസ് അവലംബിച്ചത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ജീവിതം തന്നെ ഇതായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ വലിയ അതിശയോക്തിയില്ല. സ്വയം വിമര്‍ശനത്തിന്റെ ആവശ്യകതയെക്കുറിച്ച് വാചാലരാവുമെങ്കിലും വരട്ടുവാദത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന രീതിയാണ് സിപിഎമ്മിന്റേത്. ഇതിന് മാറ്റം വരുത്തിയാല്‍ സിപിഎം അതല്ലാതായിത്തീരും. സിപിഎമ്മിനെ തിരുത്താന്‍ ശ്രമിച്ചവര്‍ക്ക് പുറത്തുപോകേണ്ടിവന്ന ചരിത്രമാണുള്ളത്. എം.വി. രാഘവനും എം.എന്‍.വിജയനും ടി.പി. ചന്ദ്രശേഖരനുമൊക്കെ ഇപ്രകാരം അനഭിമതരായവരാണ്.
തെറ്റുതിരുത്തല്‍ എന്നത് സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും അന്യമാണെന്നതിന് തെളിവാണ് ടി.പി. വധക്കേസിലെ 10 പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ കൊടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ച ഉടനെയാണ് ഇത്രയും കുറ്റവാളികളെ ഒറ്റയടിക്ക് ജയിലിന് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് അപേക്ഷ നല്‍കിയവര്‍ക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളതെന്ന് ജയില്‍ അധികൃതര്‍ പറയുന്നത് ഒരു തൊടുന്യായം മാത്രമാണ്. ഇവരെ പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് കാത്തിരിക്കുകയായിരുന്നു ആഭ്യന്തര വകുപ്പ് എന്നതാണ് സത്യം. സര്‍ക്കാരിന്റെയും വാദിഭാഗത്തിന്റെയും അപ്പീലുകളില്‍ ടിപി വധക്കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി വര്‍ധിപ്പിച്ചിരുന്നു. പ്രതികള്‍ക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞിരുന്നു. ഇത് മറികടന്നാണ് സര്‍ക്കാരിന്റെ നടപടി. ഇതിന് കോടതിയില്‍ മറുപടി പറയേണ്ടിവരും. പക്ഷേ നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും, ഇടതുമുന്നണി സര്‍ക്കാരിനും ഇതേ നയംതന്നെയാണെന്നും ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിരിക്കുകയാണ്. നിയമവും കോടതിയും എന്തുതന്നെ പറഞ്ഞാലും അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന പാര്‍ട്ടി ക്രിമിനലുകളെ കൈവിടില്ലെന്ന വ്യക്തമായ സന്ദേശമാണിത്. രാഷ്‌ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്താനുള്ള ബോംബുനിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി മരിച്ചവരെ രക്തസാക്ഷികളാക്കുന്നതും ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. പാര്‍ട്ടി ക്രിമിനലുകള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കി ഒരു വിവാദം സൃഷ്ടിച്ചാല്‍ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചര്‍ച്ച വഴിമാറ്റാമെന്നും സിപിഎമ്മും പിണറായി സര്‍ക്കാരും കരുതുന്നുണ്ടാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: