ന്യൂദല്‍ഹി: രാജ്യത്ത് പിഎം ആവാസ് യോജനയില്‍ മൂന്നു കോടി വീടുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിലാണ് സുപ്രധാന തീരുമാനം. 2015ല്‍ ആരംഭിച്ച പിഎം ആവാസ് യോജന പ്രകാരം ഇതുവരെ രാജ്യത്ത് പാവപ്പെട്ട കുടുംബങ്ങള്‍ക്കായി 4.21 കോടി വീടുകള്‍ പൂര്‍ത്തീകരിച്ചു നല്കി. പിഎം ആവാസ് യോജനയിലെ എല്ലാ വീടുകളിലും ശൗചാലയങ്ങള്‍, എല്‍പിജി കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, വീട്ടില്‍ പ്രവര്‍ത്തനക്ഷമമായ ടാപ്പ് കണക്ഷന്‍ തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിവിധ പദ്ധതികളുമായി സംയോജിപ്പിച്ചു ലഭ്യമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച യോഗത്തില്‍ 30 കാബിനറ്റ് മന്ത്രിമാരും പങ്കെടുത്തു.
ആദ്യ മന്ത്രിസഭാ യോഗത്തില്‍ കേന്ദ്ര മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും വകുപ്പുകളും പ്രഖ്യാപിച്ചു. പേഴ്‌സണല്‍ കാര്യം, പബ്ലിക് ഗ്രീവന്‍സ്, പെന്‍ഷന്‍സ്, കേന്ദ്ര ആണവോര്‍ജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, നയപരമായ എല്ലാ കാര്യങ്ങളും, മറ്റു മന്ത്രിമാര്‍ക്ക് അനുവദിക്കാത്ത വകുപ്പുകളുടെയെല്ലാം ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്.
രണ്ടാം മോദി സര്‍ക്കാരില്‍ വഹിച്ചിരുന്ന ചുമതലകള്‍ തന്നെയാണ് മുതിര്‍ന്ന മന്ത്രിമാര്‍ക്ക് ലഭിച്ചിരിക്കുന്നത്. രാജ്നാഥ് സിങ്ങിന് പ്രതിരോധ മന്ത്രാലയവും അമിത് ഷായ്‌ക്ക് ആഭ്യന്തര-സഹകരണ മന്ത്രാലയവും നിര്‍മല സീതാരാമന് ധനമന്ത്രാലയവും ലഭിച്ചു. ഡോ. എസ്. ജയശങ്കര്‍ തന്നെയാണ് വിദേശകാര്യമന്ത്രി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനാണ് പുതിയ കേന്ദ്ര കൃഷി, ഗ്രാമവികസന മന്ത്രി.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ആരോഗ്യ-കുടുംബക്ഷേമ, കെമിക്കല്‍ ഫെര്‍ട്ടിലൈസര്‍ വകുപ്പിന്റെ ചുമതലയേറ്റു. മുന്‍ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന് ഭവന-നഗര വികസന, ഊര്‍ജ്ജ വകുപ്പുകളും പീയൂഷ് ഗോയലിന് വാണിജ്യ-വ്യവസായ വകുപ്പും ലഭിച്ചു. രണ്ടാം മോദി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിലനിര്‍ത്തി.
കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് കേന്ദ്ര ടൂറിസം, പെട്രോളിയം-പ്രകൃതി വാതക വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചത്. ജോര്‍ജ് കുര്യന് ന്യൂനപക്ഷകാര്യം, ഫിഷറീസ്-മൃഗക്ഷേമം-ക്ഷീരവികസന മന്ത്രാലയത്തിന്റെ ചുമതലയും ലഭിച്ചു.
എന്‍ഡിഎ ഘടകകക്ഷി നേതാക്കളായ കാബിനറ്റ് മന്ത്രിമാരില്‍ ജിതിന്‍ റാം മാഞ്ചിക്ക് എംഎസ്എംഇ, രാജീവ് രഞ്ജന്‍ സിങ്ങിന് പഞ്ചായത്ത് രാജ്-ഫിഷറീസ്, റാംമോഹന്‍ നായിഡുവിന് വ്യോമയാനം, ചിരാഗ് പാസ്വാന് ഭക്ഷ്യ സംസ്‌കരണം എന്നിവ ലഭിച്ചു. സ്വതന്ത്ര ചുമതലയുള്ള ഘടകകക്ഷി മന്ത്രിമാരായ ജയന്ത് ചൗധരിക്ക് നൈപുണ്യം, വിദ്യാഭ്യാസം, പ്രതാപ് റാവു ജാദവിന് ആയുഷ്, ആരോഗ്യം എന്നീ മന്ത്രാലയങ്ങളുടെ സഹമന്ത്രി സ്ഥാനവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: