തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം വൈകിപ്പിക്കുന്ന ഒരു കാര്യവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
സിദ്ധാര്‍ത്ഥിന്റെ അമ്മയുടെ പരാതി ലഭ്യമായ അന്നുതന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിറക്കി. എന്നാല്‍ സിബിഐക്ക് അന്വേഷണം കൈമാറുന്നതിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തു. അവരുടെ വിശദീകരണം പരിശോധിച്ചശേഷം സര്‍വീസില്‍ തിരിച്ചെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിദ്ധാര്‍ത്ഥിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത് മുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. റാഗിങ്ങിന് വിധേയമായതായും ദിവസങ്ങള്‍ക്ക് മുമ്പ് മര്‍ദനത്തിന് ഇരയായതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കി. 20 വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു ശക്തമായ നിയമനടപടി സ്വീകരിച്ചു. അപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതും അന്വേഷണം കൈമാറുന്നതും.
അതിനാല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കില്ല. റാഗിങ്ങിനെതിരെ കടുത്ത നടപടി സ്വീകരിച്ചു വരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: