തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എം.ജി. രാജമാണിക്യത്തെ ദേവസ്വം സെക്രട്ടറിയായും ടി.വി. അനുപമയെ തദ്ദേശ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായും മാറ്റി. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ രാജന് ഖൊബ്രഗഡേയ്ക്ക് ആരോഗ്യത്തിനു പുറമെ സാംസ്കാരിക വകുപ്പിന്റെ കൂടി അധിക ചുമതലയും നല്കി. ഐടി സെക്രട്ടറി രത്തന്‍ കേല്‍ക്കറിന് സഹകരണ വകുപ്പിന്റെ കൂടി ചുമതല നല്കി. കായിക യുവജന വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിന് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ അധികചുമതല കൂടി നല്കി.
വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോറിനെ പിആര്‍ഡി സെക്രട്ടറിയാക്കി. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുടെയും കെഎസ്ഐഡിസി എംഡിയുടെയും അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. സര്‍വേ വകുപ്പ് ഡയറക്ടറായിരുന്ന ശ്രീറാം സാംബശിവറാവുവിനെ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറായി നിയമിച്ചു. ഗവ. അഡീഷണല്‍ സെക്രട്ടറിയുടെ തസ്തികയ്ക്കു സമാനമായി തസ്തിക ഉയര്‍ത്തിയാണ് നിയമനം. സര്‍വെ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. ഹരിത വി. കുമാറിനെ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറാക്കി. പ്രേംകുമാര്‍ വി.ആറിനെ വാട്ടര്‍ അതോറിറ്റി എംഡിയാക്കി. ബിനു ഫ്രാന്‍സിസാണ് വാട്ടര്‍ അതോറിറ്റി ജോയിന്റ് എംഡി. ജലനിധി എക്സി. ഡയറക്ടറുടെ അധികചുമതല കൂടിയുണ്ട്.
ഡോ. ദിനേശന് ചെറുവത്തിനെ പഞ്ചായത്ത് ഡയറക്ടറാക്കി. സൂരജ്ഷാജിയാണ് പുതിയ അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍. ലൈഫ് മിഷന് സിഇഒയുടെ ചുമതലയും ഇദ്ദേഹത്തിനുണ്ട്. കെ. ഹരികുമാറിനെ മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടറാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: