തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് യോഗം. മുഖ്യമന്ത്രിയുടെ ശരീരഭാഷയും ധാര്‍ഷ്ട്യവുമാണ് ജനങ്ങളില്‍ വെറുപ്പുളവാക്കിയതെന്നും എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണെന്നും നേതാക്കള്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ്. പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും നേതാക്കള്‍ പറഞ്ഞു. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി ജയിക്കണമെങ്കില്‍ ഒന്നുകില്‍ മുഖ്യമന്ത്രി മാറണം അല്ലെങ്കില്‍ മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും ചില നേതാക്കള്‍ തുറന്നടിച്ചു. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അത് പറയാനുള്ള ആര്‍ജവം സിപിഐ നേതൃത്വം കാട്ടണമെന്നും അഭിപ്രായമുയര്‍ന്നു.
ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച വീഴ്ചയും സപ്ളൈക്കോയില്‍ സബ്സിഡി സാധനങ്ങളുടെ വില കൂട്ടിയതും സാധനങ്ങള്‍ ലഭിക്കാതെ വന്നതും ജനങ്ങളുടെ അപ്രീതിക്ക് കാരണമായി.
സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ വെറുപ്പിച്ചത് തിരിച്ചടിയായെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു.
മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി എട്ടു വര്‍ഷമായി സ്വീകരിച്ചതെന്ന് വിമര്‍ശനമുണ്ടായി. മറ്റു സമുദായങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രത്യേകിച്ച് സിപിഎം പരാജയപ്പെട്ടു. എല്‍ഡിഎഫിന് ലഭിച്ചുകൊണ്ടിരുന്നത് ഹിന്ദു വോട്ടുകളായിരുന്നു. എന്നാലിപ്പോള്‍ ഹൈന്ദവ സമുദായം തന്നെ എല്‍ഡിഎഫില്‍ നിന്നുമകന്നു.
അതാണ് ഭൂരിപക്ഷം ബൂത്തുകളിലും ബിജെപി ലീഡ് ചെയ്യാന്‍ കാരണം. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ ഇടത് വോട്ടുകളുള്‍പ്പെടെ ബിജെപിയിലേക്ക് പോയി. ഈഴവ സമുദായം എല്‍ഡിഎഫില്‍ നിന്നകന്നു.
എല്‍ഡിഎഫിന് മേല്‍ക്കൈയുണ്ടായിരുന്ന പല ബൂത്തുകളിലും ബിജെപിക്ക് വോട്ട് കൂടി. ഇത് പരിശോധിക്കണം. സര്‍ക്കാര്‍ പുനര്‍വിചിന്തനം ചെയ്യണം.
എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടുപോകേണ്ടണ്ട അനുരഞ്ജനത്തിന്റെ വഴിയാണ് എല്‍ഡിഎഫിന് വേണ്ടതെന്നും അഭിപ്രായമുയര്‍ന്നു. അതേസമയം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ എന്ന പേരില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അസത്യങ്ങളാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: