ചാലക്കുടി: കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയുടെ സ്നേഹ സമ്മാനമാണ് വിശപ്പ് രഹിത കൊരട്ടിക്കായി പ്രവര്‍ത്തിച്ച് വരുന്ന പാഥേയത്തിലെ ചൂടാറാപ്പെട്ടി. സുരേഷ് ഗോപിയുടെ നന്മയെ കുറിച്ച് പറയാന്‍ ഇതിനുമുണ്ടോരു കഥ…
സംസ്ഥാന പുരസ്ക്കാരം നേടിയ ശ്രീരേഖ സന്ദീപിന്റെ കൊരട്ടി കോനൂരുള്ള വീട്ടില്‍ പോയി തിരികെ വരുമ്പോഴാണ് ദേശീയപാതയോരത്തുള്ള പാഥേയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അവിടെ ഇറങ്ങി പഴങ്ങളും പൊതിച്ചോറും സമര്‍പ്പിച്ച് പാഥേയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംഘാടകരോട് ചോദിച്ച് മനസിലാക്കി.
മാതൃകാ പരമായ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ തുടര്‍ച്ചയാണിതെന്ന് സംഘാടകര്‍ പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് കൊരട്ടി എസ്എച്ചഒ ബി. കെ.അരുണിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന പൊതിച്ചോറും കുടിവെള്ള വിതരണത്തിന്റേയും തുടര്‍ച്ചയായി ആരംഭിച്ച് ഒരു സ്ഥിരം സംവിധാനമായിരുന്നു പാഥേയം. വിശക്കുന്നവര്‍ക്ക് നല്കുന്ന ഭക്ഷണം എപ്പോഴും ചൂടോടെ കഴിക്കുവാന്‍ വേണ്ടി താനൊരു ചൂടാറപ്പെട്ടി നല്‍കാമന്ന് അദ്ദേഹം അവിടെ വെച്ച് സംഘാടകരെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ഓര്‍മ്മിപ്പിക്കാനായി ഒപ്പമുണ്ടായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാറിനെ ചുമതലപ്പെടുത്തി. അരുണ്‍കുമാറിനെ പ്രത്യേകം അഭിനന്ദിക്കുകയും അദ്ദേഹത്തെ അണിയിക്കാനുള്ള ഷാള്‍ സംഘാടകരെ ഏല്പിക്കുകയും ചെയ്ത ശേഷമാണ് തിരികെ പോന്നത്.
തുടര്‍ന്ന് ആറ് ദിവസത്തിന് ശേഷം ബാംഗ്ലൂരില്‍ നിന്ന് പ്രത്യേകം പറഞ്ഞ് തയ്യറാക്കിയ ചൂടാറപ്പെട്ടി എത്തി. സംഘാടകരെ വിളിച്ചറിയിക്കുകയും എല്ലാവരും അത്ഭപ്പെടുത്തി കൊണ്ട് രാവിലെ തന്നെ അദ്ദേഹം വീണ്ടും പാഥേയത്തിലെത്തുകയായിരുന്നു. ആരുടേയും ഓര്‍മ്മപ്പെടുത്തല്‍ ഇല്ലാതെ വലിയ തിരക്കിനിടയിലും ഈ ചെറിയ കാര്യം കൃത്യമായി ഓര്‍ത്തെടുത്ത് പറഞ്ഞ വാക്ക് പാലിച്ച വലിയ വ്യക്തിത്വത്തിന്റെ സ്നേഹ സമ്മാനം ഇപ്പോഴും പാഥേയത്തിലെത്തുന്നവര്ക്ക് ചൂടുള്ള ഭക്ഷണം കഴിക്കുവാന്‍ അവസരമൊരുക്കുകയാണ്.
പുതിയ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം വീണ്ടും അദ്ദേഹത്തിന്റെ സന്ദര്‍ശനം പ്രതീക്ഷിച്ചിരിക്കുകയാണ് കൊരട്ടിയിലെ പാഥേയം പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: