തൃശൂര്‍: തീരത്തെ വറുതിയിലേക്ക് പിടിച്ചമര്‍ത്തി മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ആരംഭിച്ചു. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും, പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ മത്സ്യബന്ധനം നടത്താം. തൃശൂർ ജില്ലയില്‍ 350 മീന്‍പിടിത്ത ബോട്ടുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 200ലധികം ബോട്ടുകള്‍ വിവിധ മീന്‍പിടിത്ത തുറമുഖങ്ങളും, മത്സ്യബന്ധന കേന്ദ്രങ്ങളും കേന്ദ്രമാക്കി മത്സ്യബന്ധനം നടത്തുന്നുണ്ട്.
ട്രോളിങ് ആരംഭിച്ചതോടെ ബോട്ടുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍, മീന്‍ കച്ചവടക്കാര്‍ എന്നിവര്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കും നീണ്ട ഒന്നര മാസക്കാലം ഇനി ദുരിതമായിരിക്കും. ചൂട് കൂടിയതിനെ തുടര്‍ന്ന് രണ്ടു മൂന്ന് മാസമായി കടലില്‍ നിന്ന് ബോട്ടുകള്‍ക്ക് മീന്‍ ലഭ്യത കുറവായിരുന്നു. ഇതിനിടയില്‍ ഉണ്ടായ കാലാവസ്ഥ വ്യതിയാനം, കള്ളക്കടല്‍ പ്രതിഭാസം, വേനല്‍ മഴ എന്നിവയെല്ലാം കൊണ്ടും ബോട്ടുകള്‍ക്ക് കടലില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതുകൊണ്ടു തന്നെ ഈ രംഗത്ത് പണിയെടുത്തവരെല്ലാം കടക്കെണിയിലാണ്.
ട്രോളിങ് നിരോധനം കഴിഞ്ഞ് ബോട്ടുകള്‍ കടലിലിറങ്ങുന്നതുവരെ ഇനി എന്തു ചെയ്ത് കുടുംബം പുലര്‍ത്തും എന്ന ചിന്തയിലാണ് പലരും. ബോട്ട് ഉടമകളുടെ സ്ഥിതിയും മറിച്ചല്ല. ട്രോളിങ് നിരോധനം കഴിഞ്ഞ് ഇനി ബോട്ടുകള്‍ കടലിലിറക്കണമെങ്കില്‍ അറ്റകുറ്റപ്പണി നടത്തണം, വലകള്‍ ശരിയാക്കി എടുക്കണം. ഇതിന് പണം കണ്ടെത്തണമെങ്കില്‍ ബാങ്ക് വായ്‌പയോ, സ്വര്‍ണം പണയം വയ്‌ക്കലോ മാത്രമാണ് രക്ഷയെന്ന് ഒരു ബോട്ടുടമ പറഞ്ഞു. ട്രോളിങ് നിരോധനം കഴിഞ്ഞ് ബോട്ടുകള്‍ കടലിലിറങ്ങുമ്പോള്‍ കടലമ്മ കനിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും ഉടമകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: