കോട്ടയം: കാണക്കാരി നമ്പ്യാകുളത്തെ പൊയ്‌ക്കാരന്‍കാലായില്‍ വീട്ടില്‍ ഇന്നലെ ഉത്സവമായിരുന്നു. വൈകിട്ട് സത്യപ്രതിജ്ഞ നടക്കുന്ന ഏഴേകാലിനു മുന്നേ വീട്ടില്‍ തടിച്ചുകൂടിയ അയല്‍ക്കാരും ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും രാത്രി 10 മണിയോടെ സത്യപ്രതിജ്ഞ അവസാനിച്ച ശേഷമാണ് ജോര്‍ജ് കു്‌ര്യന്‌റെ വീട്ടിലെ ടിവിക്ക് മുന്നില്‍ നിന്ന് എഴുന്നേറ്റത്. എഴുപതാമത്തെ ആളായി ജോര്‍ജ് സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ ശ്വാസം അടക്കിപ്പിടിച്ച് എല്ലാവരും കാത്തിരുന്നു. ജോര്‍ജ് കുര്യന്‌റെ സത്യപ്രതിജ്ഞാസമയം എത്തിയപ്പോഴേക്കും ആഹ്ലാദം അണപൊട്ടി. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും പ്രവര്‍ത്തകര്‍ സന്തോഷം പങ്കിട്ടു. പത്തരയോടെയാണ് അയല്‍ക്കാരും പ്രവര്‍ത്തകരും ജോര്‍ജു കുര്യന്‌റെ വീട്ടില്‍ നിന്നു പിരിഞ്ഞത് . പോകും മുന്‍പ് ജോര്‍ജു കുര്യന്‌റെ ഭാര്യ അന്നമ്മയ്‌ക്ക് കൈ കൊടുക്കാനും ആശ്ലേഷിക്കാനും ബന്ധുക്കളും അയല്‍ക്കാരും തിരക്കുകൂട്ടി.
എല്ലാവര്‍ക്കും നന്മ ഉണ്ടാകട്ടെ, ജനങ്ങള്‍ക്കു വേണ്ടിയാണ് അദ്ദേഹം എക്കാലും പ്രവര്‍ത്തിച്ചതെന്ന് അന്നമ്മ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. മന്ത്രി പദവി ഒട്ടും പ്രതിക്ഷിച്ചില്ല. പ്രവര്‍ത്തകരുടെ ആവേശം കാണുമ്പോള്‍ എനിക്കും സന്തോഷം, അന്നമ്മ പറഞ്ഞു. തലയോലപ്പറമ്പ് ഇറുമ്പയം സ്വദേശിയാണ് അന്നമ്മ. ചെറുപ്പത്തില്‍ തെരഞ്ഞെടുത്ത രാഷ്‌ട്രീയ വഴിയില്‍ നിന്ന് ജോര്‍ജുകുര്യന്‍ ഒരിക്കലും വ്യതി ചലിച്ചിട്ടില്ലെന്ന് സഹോദരന്‍ പി കെ ജോണും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: