സുവര്‍ണ ഭാരതത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ട്, വിശാല ഭാരതത്തെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ തലവന്മാരുടെ സാന്നിധ്യത്തില്‍ ജനനായകനായ നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു. രാഷ്ട്രപതിഭവന്റെ അങ്കണത്തില്‍ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും എംപിമാരും പാര്‍ട്ടി നേതാക്കളും സാംസ്കാരിക നായകന്മാരും ആത്മീയാചാര്യന്മാരും ന്യായാധിപന്മാരും പ്രമുഖ വ്യവസായികളും താരപ്രമുഖരും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങില്‍ എന്‍ഡിഎയുടെ 72 മന്ത്രിമാരും അധികാരമേറ്റിരിക്കുകയാണ്. പരിചയസമ്പത്ത് കണക്കിലെടുത്തും, രാഷ്ട്രീയവും സാമൂഹ്യവുമായ പ്രാതിനിധ്യം ഉറപ്പുവരുത്തിയുമാണ് പുതിയ മന്ത്രിസഭയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. വിവിധ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യവും വനിതാ പ്രാതിനിധ്യവും കണക്കിലെടുത്തിരിക്കുന്നു. ഒന്നാം മോദി സര്‍ക്കാരിലും രണ്ടാം മോദി സര്‍ക്കാരിലും മന്ത്രിമാരായിരുന്നവരും ആദ്യമായി എംപിമാരായവരും പുതിയ മന്ത്രിസഭയിലുണ്ട്. ഭരണത്തുടര്‍ച്ചയും പുതിയൊരു തുടക്കവും ഇതില്‍ ദര്‍ശിക്കാം. തെരഞ്ഞെടുപ്പുഫലം പുറത്തുവരികയും, നരേന്ദ്ര മോദിക്ക് വീണ്ടും പ്രധാനമന്ത്രിയാവാനുള്ള അംഗീകാരം ലഭിക്കുകയും ചെയ്തതോടെ അനാവശ്യമായ ചില ആശയക്കുഴപ്പങ്ങളുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും ശ്രമിക്കുകയുണ്ടായി. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ എന്‍ഡിഎ ഘടകകക്ഷികള്‍ കൂടുതല്‍ മന്ത്രിസ്ഥാനത്തിനുവേണ്ടിയും പ്രമുഖ വകുപ്പുകള്‍ക്കുവേണ്ടിയും വിലപേശുകയാണെന്ന അഭ്യൂഹങ്ങള്‍ പരത്തിയത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ മന്ത്രിസഭ. എന്‍ഡിഎ ഘടകകക്ഷികള്‍ക്കെല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്കിയിരിക്കുന്നു. ഒരു എംപി മാത്രമുള്ള പാര്‍ട്ടികള്‍ക്കും മന്ത്രിമാരുണ്ട്.
പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി വ്യക്തമായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നത് ബിജെപിക്കും നരേന്ദ്ര മോദിക്കുമാണ്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയ്ക്കാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. എന്നാല്‍ പ്രാഥമികമായ ഈ വസ്തുത അംഗീകരിക്കാതെ കുപ്രചാരണം നടത്തുകയായിരുന്നു ജനങ്ങള്‍ തോല്‍പ്പിച്ച പ്രതിപക്ഷത്തെ കോണ്‍ഗ്രസും ‘ഇന്‍ഡി’ സഖ്യവും. അധികാര ദുര്‍മോഹം തലയ്ക്കുപിടിച്ച പ്രതിപക്ഷത്തെ നേതാക്കള്‍ക്ക് െതരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍ക്കൊള്ളാനായില്ല. ബിജെപിക്ക് 150 സീറ്റുപോലും കിട്ടില്ലെന്നു പറഞ്ഞ സ്ഥാനത്താണല്ലോ നരേന്ദ്ര മോദിക്ക് മൂന്നാമതും സര്‍ക്കാരുണ്ടാക്കാനുള്ള ജനവിധി ലഭിച്ചത്. പരാജയം ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാന്‍ പല വേലത്തരങ്ങളും പ്രതിപക്ഷത്തെ നേതാക്കള്‍ കാണിച്ചു. ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ഉചിതമായ സമയത്ത് ഉചിത നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമൊക്കെ പറഞ്ഞുകൊണ്ടിരുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. 2014 ലും 2019 ലും കണ്ടതുപോലെ ശക്തമായ ഒരു മന്ത്രിസഭ നിലവില്‍വന്നതോടെ ഈ നേതാക്കള്‍ക്കൊക്കെ ഇനി വിശ്രമിക്കാം. രാഷ്ട്രീയ സ്ഥിരത നിലനിര്‍ത്തി സാമ്പത്തിക മുന്നേറ്റത്തിന്റെയും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും നയങ്ങളും പദ്ധതികളുമായി മൂന്നാം മോദി സര്‍ക്കാരും മുന്നോട്ടുപോകും. അഴിമതിക്കെതിരായ നടപടികളില്‍നിന്ന് പിന്നോട്ടുപോകില്ലെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളത് പല പ്രതിപക്ഷ നേതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്.
കേരളത്തിന്റെ പ്രതിനിധികളായി രണ്ടുപേര്‍ മന്ത്രിസഭയില്‍ എത്തിയിരിക്കുന്നു എന്നത് മലയാളികള്‍ക്ക് അഭിമാനകരമാണ്. രണ്ടാം മോദി സര്‍ക്കാരിലും മലയാളികളായി രണ്ടുപേരുണ്ടായിരുന്നു. വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും. ചരിത്രത്തിലാദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചിട്ടുള്ളത് വലിയ നേട്ടമാണ്. തൃശൂരില്‍ ബിജെപി നേടിയ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണ അഭിനന്ദിക്കുകയുണ്ടായി. കേരള രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്നതാണ് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം. ഈ ഉജ്വലമായ വിജയത്തിന്റെ പ്രതിഫലനമാണ് സൂപ്പര്‍താരത്തിന് ലഭിച്ചിട്ടുള്ള മന്ത്രിസ്ഥാനം. കേരളത്തിന്റെ മറ്റൊരു പ്രതിനിധിയായി ബിജെപി നേതാവ് അഡ്വ. ജോര്‍ജ് കുര്യന് മന്ത്രിസഭയിലെത്തിയത് പതിറ്റാണ്ടുകളായി അര്‍പ്പണബോധത്തോടെ നടത്തുന്ന പൊതുപ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ഈ കോട്ടയംകാരന് രാഷ്ട്രീയമായ പക്വതയുടെയും ആദര്‍ശപ്രതിബദ്ധതയുടെയും പ്രതിനിധിയാണ്. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഒഎസ്ഡിയായും, ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുള്ള ജോര്‍ജ് കുര്യനെ തേടിയെത്തിയിരിക്കുന്നത് അര്‍ഹമായ അംഗീകാരമാണ്. കേരളത്തിന്റെ പ്രതിനിധികളായ രണ്ടു മന്ത്രിമാര്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം. ഇതുവഴി കേരളത്തിന്റെ വികസനവും പുരോഗതിയും ഉറപ്പുവരുത്താന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: