ന്യൂദല്‍ഹി: മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി തെലുഗു ദേശം പാര്‍ട്ടിയുടെ (ടിഡിപി) രാംമോഹന്‍ നായിഡു കിഞ്ജരാപ്പു. മുപ്പത്താറുകാരനായ രാംമോഹനും പാര്‍ലമെന്റില്‍ ഇത് മൂന്നാമൂഴമാണ്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം മണ്ഡലത്തില്‍ നിന്നാണ് തുടര്‍ച്ചയായി മൂന്നാം തവണയും അദ്ദേഹം വിജയിച്ചത്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിലക് പേരടയെ 3.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാംമോഹന്‍ നായിഡു തോല്പിച്ചത്.
അന്തരിച്ച മുതിര്‍ന്ന ടിഡിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യെരണ്ണ നായിഡുവിന്റെ മകനാണ് രാംമോഹന്‍ നായിഡു. 1996-1998 കാലത്തെ ഐക്യമുന്നണി (യുണൈറ്റഡ് ഫ്രണ്ട്) സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു യെരണ്ണ നായിഡു. നാല് തവണ പാര്‍ലമെന്റംഗമായ അദ്ദേഹം 2012ല്‍ വാഹനാപകടത്തിലാണ് അന്തരിച്ചത്. തുടര്‍ന്നാണ് മകന് രാംമോഹന്‍ നായിഡു രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ടിഡിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ രാംമോഹന്‍ എംബിഎ ബിരുദധാരിയാണ്.
അമേരിക്കയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും നേടിയിട്ടുണ്ട്. നായിഡു 2014ല്‍ ശ്രീകാകുളത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ രാംമോഹന്‍ നായിഡുവിന് 26 വയസാണ്. പതിനാറാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയായിരുന്നു അന്ന് അദ്ദേഹം. പാര്‍ലമെന്ററി ചുമതലകള്‍ കൂടാതെ, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്കരണം എന്നിവയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായും രാംമോഹന്‍ പ്രവര്‍ത്തിച്ചു. 2020 ല്‍ സന്‍സദ് രത്ന അവാര്‍ഡ് നേടി.
ഭാര്യയുടെ ഗര്‍ഭകാല ശുശ്രൂഷയ്ക്കായി 2021 ബജറ്റ് സെഷനുകളില്‍ നിന്ന് അവധി എടുക്കാനുള്ള രാംമോഹന്റെ തീരുമാനം ലിംഗാവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: