ഭാഷയും സംസ്‌കാരവും തമ്മിലുളള പാരസ്പര്യം അഭേദ്യമാണെന്ന പൂര്‍ണബോധ്യത്തോടെ രചിക്കപ്പെട്ടതാണ് ഡോ. നടുവട്ടം ഗോപാലകൃഷ്ണന്റെ ‘ഭാഷയും സംസ്‌കാരവും’ എന്ന വൈജ്ഞാനികഗ്രന്ഥം. പ്രമുഖ ഭാഷാശാസ്ത്രജ്ഞന്‍ കൂടിയായ ഗ്രന്ഥകാരന്റെ രചനകളില്‍ ഏറിയകൂറും ഈ ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ രചനകളില്‍ ചരിത്രവും സംസ്‌കാരവും ഭാഷാശാസ്ത്രവും സമയോചിതമായും സമ്യക്കായും സമന്വയിക്കുകയും സമരസപ്പെടുകയും ചെയ്യുന്നു. ‘ഭാഷയും സംസ്‌കാരവും’ എന്ന ഗ്രന്ഥവും ഇതിന് അപവാദമാകുന്നില്ല.
വിസ്മൃതിയിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന മഹാന്മാരായ ഭാഷാശാസ്ത്രചിന്തകരേയും നമ്മുടെ സംസ്‌കൃതിയെ തഴുകി വളര്‍ത്തിയ സാസ്‌കാരികസ്ഥാപനങ്ങളെയുമൊക്കെ സവിശേഷമായി സമീപിക്കുന്ന ‘ഭാഷയും സംസ്‌കാരവും’ ഒരു സാസ്‌കാരിക ധര്‍മ്മംതന്നെയാണ് നിര്‍വഹിക്കുന്നത്. പഴമയെയും പാരമ്പര്യത്തെയും കുറിച്ചും, നമ്മുടെ സാസ്‌കാരികജീവിതത്തെ വളര്‍ത്തിക്കൊണ്ടുവന്ന സാമൂഹ്യപ്രസ്ഥാനങ്ങളേയും സ്ഥാപനങ്ങളേയും കുറിച്ചുമൊക്കെ ഈ പുസ്തകം അഭിമാനപൂര്‍വം വാചാലമാകുന്നു. നാമാരെന്നും നമ്മുടെ വേരുകള്‍ എന്തെന്നും ഈ പുസ്തകം നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ മലയാളിക്ക് തന്റെ സാംസ്‌കാരികസ്വത്വത്തെ രൂപപ്പെടുത്തിയ കാലത്തിലേക്കുളള മടക്കയാത്രയാണിത്.
മലയാളി തന്റെ സാംസ്‌കാരികസ്വത്വത്തെ രൂപവത്കരിച്ച ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുവാന്‍ തെല്ലും താല്‍പ്പര്യം കാണിക്കുന്നില്ല. മാത്രമല്ല, അത്തരം പഠനഗവേഷണശ്രമങ്ങളെ ഗൗരവപൂര്‍വം കാണുവാനോ അതിനു മുതിരുന്നവരെ പ്രോത്സാഹിപ്പിക്കുവാനോ തയാറാവുന്നുമില്ല. പാരമ്പര്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ഒരു മനുഷ്യന് സ്വാഭാവികമായുണ്ടാകുന്ന ആത്മാഭിമാനത്തിന്റെ അഭാവം മാത്രമല്ല ഇതിന് കാരണം. ഇത്തരം പഠനപര്യവേക്ഷണങ്ങള്‍ക്കിറങ്ങുന്നവര്‍ക്ക് തികവുറ്റ ചരിത്രബോധം അനിവാര്യമാണ്. അത്രമാത്രം പോരാ, സാഹിത്യത്തിലും സാമൂഹ്യശാസ്ത്രത്തിലും നാടോടി സാഹിത്യത്തിലുമൊക്കെ പരിണതമായ പ്രജ്ഞയും വേണം. ഇതിനൊക്കെ പുറമേ ഭാഷാശാസ്ത്രവിജ്ഞാനവും കൂടിയേതീരൂ.
മലയാളിയുടെ അവസ്ഥ എന്താണ്? ഇത്തരം വിജ്ഞാനശാഖകളോട് അതിരുകടന്ന അവമതിപ്പും തന്മൂലമുളള അവഗണനയുമാണ് മലയാളിയെ ഭരിക്കുന്നത്. ഭാഷാസംസ്‌കാരപഠനങ്ങളില്‍ സവിശേഷമായ പ്രസക്തിയുളള വിഷയങ്ങളിലുളള മാപ്പര്‍ഹിക്കാത്ത അജ്ഞതയെ മറച്ചുവയ്‌ക്കുവാന്‍ കൂടിയാണ് ദേശചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും ഈടുവയ്പുകള്‍ മറിച്ചുനോക്കുവാന്‍ മലയാളിയുടെ ദുരഭിമാനം മടിക്കുന്നത്. എന്നാല്‍ ഡോ. നടുവട്ടം, സ്വത്വാന്വേഷണവിമുഖരായ മലയാളികള്‍ മാത്രമല്ല ചരിത്രാന്വേഷികളും സംസ്‌കാരപഠിതാക്കളുമൊക്കെ അവഗണിക്കുകയും അസ്പൃശ്യമായി കാണുകയും ചെയ്യുന്ന ചരിത്രവസ്തുതകളെ പൊടിതട്ടിയെടുത്ത് അവ നമുക്ക് എന്തായിരുന്നുവെന്ന് വിലയിരുത്തുകയും സാംസ്‌കാരികപഠനത്തില്‍ അവയുടെ പ്രസക്തിയെന്തെന്ന് വിളിച്ചുപറയുകയും ചെയ്യുകയാണിവിടെ. ദേശചരിത്രത്തിലും സംസ്‌കാരത്തിലും ഭാഷാശാസ്ത്രത്തിലുമുളള ഗ്രന്ഥകാരന്റെ ആഴമാര്‍ന്ന അവഗാഹം ഈ അന്വേഷണത്തെ സുഭദ്രമായ വഴികളിലൂടെ മുന്നോട്ടുനയിക്കുന്നതിന് വേണ്ട രീതിയില്‍ സഹായകമാവുകയും ചെയ്തു.
പ്രമുഖരായ ഏതാനും എഴുത്തുകാരേയും അവരുടെ സംഭാവനകളേയും പരിചയപ്പെടുത്തിക്കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ഭാഷാശാസ്ത്രശാഖയ്‌ക്ക് അനര്‍ഘങ്ങളായ അനവധി സംഭാവനകള്‍ നല്‍കിയ നാലു പ്രതിഭാധനന്മാരെയാണ് ഗ്രന്ഥകാരന്‍ ആദ്യം പരിഗണിച്ചത്. ഭാഷാശാസ്ത്രത്തോടുളള ഗ്രന്ഥകാരന്റെ അതിരറ്റ മമതകൊണ്ടാവാം ആ മേഖലയില്‍ സംഭാവന നല്‍കിയവര്‍ക്ക് ആദ്യപരിഗണന നല്‍കിയത്. ഭാഷാശാസ്ത്രകാരന്‍, പ്രാചീന സാഹിത്യത്തെ പ്രണയിച്ച പ്രതിഭാശാലി, ഗവേഷകന്‍, അദ്ധ്യാപകന്‍, കേരളസര്‍വകലാശാലാ ഹസ്തലിഖിത ഗ്രന്ഥാലയത്തിന്റെ ആദ്യ ഡയറക്ടര്‍ തുടങ്ങി അനവധി മേഖലകളില്‍ കഴിവുതെളിയിച്ച മഹാപണ്ഡിതനായിരുന്നു ഡോ. കെ. രാഘവന്‍ പിളളയെ പുതിയ തലമുറയിലെ പഠിതാക്കള്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടാവണം ഗ്രന്ഥകാരന്‍ പ്രഥമ പരിഗണന നല്‍കി ഡോ. രാഘവന്‍ പിളളയുടെ ഭാഷാസംഭാവനകള്‍ വിവരിക്കുന്നത്.
ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ നമ്മുടെ ഭാഷയ്‌ക്കു നല്കിയ വിവിധ സംഭാവനകളെ ആദരവോടെ പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകത്തിലെ രണ്ടാം ലേഖനം. രബീന്ദ്രനാഥ ടാഗോര്‍ ‘ഭാഷാചാര’ പദവി നല്‍കി ആദരിച്ച പ്രഖ്യാത ഭാഷാശാസ്ത്രകാരനായ ഡോ. സുനീതികുമാര്‍ ചാറ്റര്‍ജിയുടെ ഭാഷാശാസ്ത്രപ്രവര്‍ത്തനങ്ങളെ ആദരാന്വിതനായി നോക്കിക്കാണുന്നതാണ് അടുത്ത ലേഖനം.
ഭാഷയുടെ വളര്‍ച്ചയ്‌ക്കിടയില്‍ കണ്ടുപോരുന്ന പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുകയും അവ തിരുത്തിക്കുറിക്കേണ്ടതെങ്ങനെ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു, ഭാഷ വളരുന്നു എന്ന ലേഖനത്തില്‍. ലിപിവിന്യാസം, സ്ഥലനാമങ്ങളിലെ സാംസ്‌കാരികമൂല്യം, കേരളത്തിന്റെ ഹസ്തലിഖിത പാരമ്പര്യം, ഊരൂട്ടമ്പലങ്ങളും ഉലകുടെ പെരുമാളും തുടങ്ങി ഒട്ടേറെ ഇടങ്ങളിലൂടെ ഗ്രന്ഥകാരന്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഇതിനിടെ ശൈവവൈഷ്ണവ പ്രസ്ഥാനങ്ങളെപ്പറ്റിയും ദേവ്യുപാസനയെപ്പറ്റിയും വാചാലനാവുകയും ചെയ്യുന്നു. പരസ്പരം കൈകോര്‍ത്തുനില്ക്കുന്നവയെന്ന് പ്രത്യക്ഷത്തില്‍ തോന്നുകയില്ലെങ്കിലും ഇവിടെ വിവരിക്കുന്ന വിഷയങ്ങള്‍ക്ക് നമ്മുടെ സാസ്‌കാരികപ്രവാഹത്തിലുളള പാരസ്പര്യം സുവിദിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: