കേരളത്തിലെ ഏറ്റവും ബുദ്ധിയുള്ള അല്ലെങ്കിൽ ദീർഘവീക്ഷണം ഉള്ള ക്രിസ്ത്യൻ സമൂഹം കത്തോലിക്ക സഭയുടെ കീഴിൽ വരുന്ന സീറോമലബാര്‍ സഭാ വിശ്വാസികൾ ആണ്. അതേസമയം എല്ലാ മേഖലകളിലും ഏറ്റവും പിന്നോക്കം നിൽക്കുന്ന ക്രിസ്ത്യൻ സഭാ സമൂഹമാകട്ടെ കത്തോലിക്ക സഭയുടെ കീഴിൽ തന്നെ വരുന്ന മറ്റൊരു വിഭാഗം ആയ ലത്തീൻ കത്തോലിക്കരാണ്.
സീറോമലബാര്‍ സഭാ വിശ്വാസികൾ ജൂതൻമാരെ പോലെയാണ്. ലോകത്ത് എവിടെ ചെന്നാലും അവർ അവരുടേതായ ഐഡന്റിറ്റി കാത്ത് സൂക്ഷിക്കുന്നതിന് ഒപ്പം സാമ്പത്തീകമായും വിദ്യാഭ്യാസപരമായും ഒക്കെ മുന്നിൽ ആയിരിക്കും. വ്യാപാര രംഗത്ത് ഈ വിഭാഗം എന്നും മുൻപന്തിയിൽ ആണ്.
ഏത് നാട്ടിൽ ജീവിച്ചാലും രാഷ്‌ട്രീയ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് അതിനനുസരിച്ച് ഭരണപക്ഷത്തോടൊപ്പം നിൽക്കാനും, തങ്ങളുടെ കാര്യങ്ങൾ നേടിയെടുക്കാനും മിടുക്കർ ആണ് ഇവർ. അതേസമയം ജൂതന്മാരെ പോലെ സ്വന്തം ഐഡന്റിറ്റി കളഞ്ഞിട്ടുള്ള ഒരു കളിയും ഇല്ലാതാനും.
വിദ്യാഭ്യാസ രംഗത്തോ, ജോലിയിലോ ഒന്നും ഇവർക്ക് സംവരണവും ഇല്ല. സുഹൃത്തായ സീറോമലബാര്‍ സഭയിലെ ഒരു വൈദികൻ പറഞ്ഞത്, സംവരണ വിഷയം വന്നപ്പോൾ അന്നത്തെ സീറോമലബാര്‍ സഭാ നേതൃത്വം പറഞ്ഞത് ‘ഞങ്ങളുടെ കുട്ടികൾക്ക് സംവരണം ഒന്നും വേണ്ട, അവർ പഠിച്ചോളും’ എന്നായിരുന്നത്രെ.
അത് സത്യവുമാണ്. സീറോമലബാര്‍ സഭയിലെ കുഞ്ഞുങ്ങൾ നന്നായി പഠിക്കും. പണം ഉണ്ടാക്കുന്നതിനേക്കാൾ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം എന്ന കാര്യത്തിൽ മാതാപിതാക്കൾ വളരെ ജാഗ്രത പുലർത്തുന്നവരുമാണ്.
ഇതിപ്പോൾ പറയാൻ കാരണം, കേരളത്തിൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം നോക്കിയാൽ ക്രിസ്ത്യൻ വോട്ടുകൾ നല്ല രീതിയിൽ ബിജെപിയിലേക്ക് എത്തി എന്ന് കാണാൻ കഴിയും. കൃത്യമായി നോക്കിയാൽ ബിജെപിയിലേക്ക് ഒഴുകിയ ക്രിസ്ത്യൻ വോട്ടുകളിൽ ഭൂരിഭാഗവും സീറോമലബാര്‍ സഭാ വിശ്വാസികളുടെ വോട്ട് ആണെന്ന് കാണാൻ കഴിയും.
തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലും നിർണായകം ആയത് സീറോമലബാര്‍ സഭാ വിശ്വാസികളുടെ വോട്ട് തന്നെയാണ്.
ഭരിക്കുന്നവർക്ക് ഒപ്പം നിന്നാൽ ഉള്ള നേട്ടം അവർക്ക് നന്നായി അറിയാം. തൃശൂരിൽ മാത്രമല്ല സീറോമലബാര്‍ സഭാവിശ്വാസികൾ കൂടുതൽ ഉള്ള
തിരുവിതാംകൂർ ഭാഗത്തും, വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും ഒക്കെ ബിജെപിക്ക് വൻതോതിൽ വോട്ട് വളർച്ച ഉണ്ടായിട്ടുണ്ട്.
പ്രാക്ടിക്കൽ ആയും, ദീർഘവീക്ഷണത്തോടെയും കാര്യങ്ങൾ നോക്കി കാണുന്ന സീറോമലബാര്‍ സഭാ വിശ്വാസികളുടെ ജീവിത വിജയത്തിന്റെ കാരണവും ഇതൊക്കെ തന്നെയാണ്.
കത്തോലിക്ക സഭയുടെ കീഴിൽ തന്നെ വരുന്ന മറ്റൊരു വിഭാഗം ആയ ലത്തീൻ കത്തോലിക്കരുടെ കാര്യത്തിലേക്ക് വന്നാൽ, സംവരണം ഉൾപ്പെടെ എല്ലാം ഉണ്ടായിട്ടും ഇന്നും സാമൂഹികമായും, വിദ്യാഭ്യാസപരമായും, സാമ്പത്തീകമായും ഏറ്റവും പിന്നിൽ ഉള്ള വിഭാഗം ആണ് അവർ.
ഒരേ കുടുംബത്തിലെ രണ്ട് സഭകൾ തമ്മിൽ എന്തുകൊണ്ടാണ് ഈ വലിയ വ്യത്യാസം എന്ന് ചോദിച്ചാൽ സീറോമലബാര്‍ സഭാ വിശ്വാസികൾ സ്വന്തം ഐഡന്റിറ്റി കാത്ത് സൂക്ഷിക്കും എങ്കിലും, പൊതുവെ പള്ളികളിൽ നിന്നുള്ള രാഷ്‌ട്രീയ തീരുമാനങ്ങൾക്ക് ചെവി കൊടുക്കില്ല. അവർക്ക് അവരുടേതായ തീരുമാനങ്ങൾ ഉണ്ട്. ഇന്ന പാർട്ടിക്ക് വോട്ട് ചെയ്യണം എന്ന് പള്ളിയിൽ നിന്ന് പറഞ്ഞാലും അവർ സ്വന്തമായി തീരുമാനിച്ച് കാര്യങ്ങൾ ചെയ്യും.
നേരെ മറിച്ച് ലത്തീൻ കത്തോലിക്കർ ഇപ്പോഴും ഏറെക്കുറെ പൂർണമായും പള്ളിയുടെ നിയന്ത്രണത്തിൽ തന്നെയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മറ്റൊരു രൂപമാണ് ലത്തീൻ കത്തോലിക്ക സഭ എന്ന് തോന്നിയിട്ടുണ്ട്. പാർട്ടി പറയും, അണികൾ കേൾക്കും എന്നത് പോലെ, സഭ പറയും ലത്തീൻ കത്തോലിക്ക വിശ്വാസികൾ അനുസരിക്കും. സ്വതന്ത്രമായി ചിന്തിക്കാൻ അവർക്ക് സാധിക്കുന്നില്ല അല്ലെങ്കിൽ അവർക്ക് സഭയുടെ ചട്ടക്കുടിൽ നിന്ന് പുറത്ത് വരാൻ കഴിയുന്നില്ല. സഭ ആകട്ടെ ഇവരെ ചാവേറുകളെ പോലെ ഉപയോഗിക്കുന്നു എന്നും ആരോപണം ഉണ്ട്.
തിരുവനന്തപുരത്ത് ശശി തരൂർ തുടർച്ചയായി 15 കൊല്ലം എം പി യും, മന്ത്രിയും ഒക്കെ ആയിരുന്നിട്ടും ഇപ്പോഴും തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം ഇല്ല. തിരഞ്ഞെടുപ്പിൽ വിജയിച്ച് കഴിഞ്ഞാൽ പിന്നെ 5 വർഷത്തേക്ക് അങ്ങേരെ കാണില്ല. എന്നിട്ടും അയാൾ ജയിക്കുന്നത് തീരദേശത്തെ ലത്തീൻ കത്തോലിക്കരുടെ വോട്ട് കൊണ്ട് മാത്രമാണ്.
ഇത്തവണ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പ്രചരണ സമയത്ത് തന്നെ തീരദേശത്തെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിച്ച വാർത്തകൾ കണ്ടിരുന്നു. പക്ഷെ എന്തൊക്കെ ചെയ്താലും അവിടുത്തെ വോട്ട് രാജീവ് ചന്ദ്രശേഖറിന് കിട്ടില്ല എന്നുറപ്പായിരുന്നു. കാരണം ആർക്ക് വോട്ട് ചെയ്യണം എന്ന് ലത്തീൻ സഭയാണ് തീരുമാനിക്കുന്നത്.
ശരിക്കും നഷ്ടം ആർക്കാണ്, രാജീവ് ചന്ദ്രശേഖറിന് ആണോ..? അല്ല, അദ്ദേഹം വീണ്ടും കേന്ദ്രമന്ത്രി ആകും. വിജയിച്ച ശശിയോ, അടുത്ത അഞ്ചു വർഷം കഴിഞ്ഞ് മാത്രം വോട്ട് തേടി മടങ്ങിയെത്തും. നഷ്ടം ലത്തീൻ കത്തോലിക്കർക്ക് മാത്രം.
ഇതൊക്കെ കൊണ്ടാണ് ലത്തീൻ കത്തോലിക്കരുടെ ജീവിതത്തിൽ പുരോഗതി ഉണ്ടാകാത്തതും, ഇത്രയും സംവരണവും മറ്റും ഉണ്ടായിട്ടും ഇന്നും പിന്നോക്കാവസ്ഥയിൽ തുടരേണ്ടി വരുന്നതും.
ഭരണം ആർക്കൊപ്പം ആണോ അവർക്ക് ഒപ്പം നിന്ന് ശക്തരാകാൻ ഉള്ള വിവേകം സീറോമലബാര്‍ സഭാ വിശ്വാസികൾക്ക് ഉണ്ട്.
ഈ തിരിച്ചറിവ് ആണ് സീറോമലബാര്‍ സഭാ വിശ്വാസികളുടെ മുന്നേറ്റത്തിനുള്ള കാരണം. അതേസമയം വിവേകത്തോടെ കാര്യങ്ങൾ ചിന്തിക്കാനും, പ്രവർത്തിക്കാനും സാധിക്കാത്തതാണ് ലത്തീൻ സഭ വിശ്വാസികളുടെ ഇന്നുമുള്ള പിന്നോക്ക അവസ്ഥയുടെ പ്രധാന കാരണം. ഈ തിരിച്ചറിവ് ഉണ്ടാകാതെ ലത്തീൻ സഭാ വിശ്വാസികൾക്ക് ഭൗതിക ജീവിതത്തിൽ വളർച്ച ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: