പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത നമ്മെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ 1973 മുതല്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചുതുടങ്ങിയത്. ആഗോള പരിസ്ഥിതി സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കി നമ്മുടെ ഭൂമിയെ വാസയോഗ്യമാക്കി നിലനിര്‍ത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.
ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഇന്ന് പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളാണ്. നൂറ്റാണ്ടുകളായി തഴച്ചുവളര്‍ന്ന ഉപഭോഗ തൃഷ്ണയുടേയും പ്രകൃതി ധ്വംസനത്തിന്റെയും പരിണിത ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. പാശ്ചാത്യ ജീവിത ദര്‍ശനവും സെമിറ്റിക് മതവിശ്വാസവും രൂപപ്പെടുത്തിയ മൂല്യബോധത്തിന്റെ അടിസ്ഥാനംതന്നെ പ്രകൃതി ധ്വംസനമായിരുന്നു.
ഈശ്വരന് സ്വന്തം രൂപത്തില്‍ സൃഷ്ടിച്ച മനുഷ്യനുവേണ്ടിയാണ് ഭൂമിയിലെ മറ്റ് ജീവജാലങ്ങളെല്ലാം എന്ന സെമിറ്റിക് ദര്‍ശനം ദൈവത്തിന്റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള അംഗീകാരവും സാധൂകരണവുമായി പിന്നീട് മാറി. ഇതില്‍ നിന്നും വ്യത്യസ്തമായൊരു സംസ്കൃതിയും ജീവിത വീക്ഷണവും സഹസ്രാബ്ദങ്ങളായി നമ്മുടെ ഭാരതത്തില്‍ നിലിനിന്നിരുന്നു. പ്രപഞ്ചത്തോടും പ്രകൃതിയോടും പരിസ്ഥിതിയോടും സമരസപ്പെട്ടുകൊണ്ടുള്ള ജീവിത വീക്ഷണമാണ് ഭാരതീയര്ക്കുണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനം ആദ്ധ്യാത്മികത ആയിരുന്നു.
ഈ ഭൂമി നമുക്ക് അമ്മയാണെന്നും നാം അമ്മയുടെ മക്കളാണെന്നും അഥര്‍വ്വവേദം ഉദ്ഘോഷിക്കുന്നു. ‘അല്ലയോ ഭൂമി! ഞാനെവിടെ കുഴിക്കുന്നുവോ അതുടന്‍ തന്നെ നികന്നുവരട്ടെ. അമ്മയുടെ മര്‍മ്മങ്ങളില്‍ ഞാനൊരു മുറിവും ഉണ്ടാക്കാതിരിക്കട്ടെ’ എന്ന അഥര്‍വ്വ വേദത്തിലെ പ്രാര്‍ത്ഥന പ്രകൃതിയോടുള്ള മനുഷ്യന്റെ സ്നേഹാധിഷ്ഠിതമായ സമീപനത്തിന്റെ തെളിവായിരുന്നു. പ്രകൃതിയോടുള്ള ഭാരതീയ സമീപനത്തെക്കുറിക്കുന്ന പദം ‘ദോഹനം’ എന്നതാണ്. പശുവില്നിന്നും പാല് കറന്നെടുക്കുന്നതിനെയാണ് ‘ദോഹനം’ എന്നു പറയുന്നത്. പശുവിനെ കറക്കുന്നതുപോലെ നമുക്ക് ആവശ്യമുള്ളതുമാത്രം പ്രകൃതിയില്‍ നിന്നും സ്വീകരിക്കുക.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയാകണമെന്നതിന് മനോഹരമായൊരു വര്‍ണ്ണന ഭഗവദ് ഗീതയിലുണ്ട്. ‘പരസ്പരം ഭാവയന്തഃ ശ്രേയഃ പരമ വാപ്സ്യഥഃ’ എന്നത് ലോകത്തിനുള്ള ഭഗവാന് കൃഷ്ണന്റെ സന്ദേശമാണ്. യജ്ഞരൂപത്തിലുള്ള കര്‍മ്മാനുഷ്ഠാനംകൊണ്ട് പ്രകൃതിയാകുന്ന ദേവനെ പ്രസാദിപ്പിച്ചാല്‍ ആ ദേവന് നമ്മെയും സഹായിക്കും എന്ന് സാരം. പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള ഈ പാരസ്പര്യവും ജൈവ ബന്ധവുമാണ് ഭാരതീയ പരിസ്ഥിതി ചിന്തയുടെ കാതല്‍.
സര്‍വ്വ ചരാചരങ്ങളിലുമുള്ളത് ഒരേ ഈശ്വര ചൈതന്യം തന്നെയാണെന്ന സത്യം ഉള്‍ക്കൊണ്ടവരായിരുന്നു ഭാരതീയര്‍. നമ്മുടെ പ്രപഞ്ച വീക്ഷണം മനുഷ്യനുള്‍പ്പെടെ സര്‍വ്വജീവജാലങ്ങളേയും ഉള്‍ക്കൊള്ളുന്നതായിരുന്നു. സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഭൂമിയിലുള്ള ജീവജാലങ്ങളെല്ലാം തമ്മില്‍ ഒരു ജൈവബന്ധമുണ്ടെന്ന് കണാവുന്നതാണ്. നാം നിസ്സാരമായി കാണുന്ന പുല്‍ക്കൊടി പോലും നമ്മെ സഹായിക്കുന്നുണ്ട്. അതുംകൂടി പുറത്തുവിടുന്ന പ്രാണവായു ശ്വസിച്ചാണ് നാം ജീവിക്കുന്നത്. സസ്യങ്ങളേയും വൃക്ഷങ്ങളേയും മൃഗങ്ങളേയുമെല്ലാം ഏതെങ്കിലും ദേവനുമായി ബന്ധപ്പെടുത്തി ആരാധിച്ചിരുന്നതിനു പിന്നിലും ആദ്ധ്യാത്മികതയിലൂന്നിയ പ്രകൃതിസ്നേഹത്തിന്റെ പാഠങ്ങാളാണുള്ളത്. മയിലും എലിയും പാമ്പും ആമയും തുളസിയും ആലും നദികളും പര്‍വ്വതങ്ങളും എല്ലാം ഇതിന് ഉദാഹരണങ്ങള്‍ മാത്രം.
ഭാരതം പ്രകൃതിയെ ഈശ്വരതുല്യം ആരാധിച്ചിരുന്നിന്റെ മറ്റൊരു ഉദാഹരണമാണ് പഞ്ചമഹായജ്ഞത്തില്‍ ഉള്‍പ്പെടുന്ന ‘ഭൂതയജ്ഞം’. ഓരോ ഗൃഹസ്ഥനും യജ്ഞ ഭാവത്തില്‍ നിത്യേന അനുഷ്ഠിക്കേണ്ട അഞ്ച് കര്‍മ്മങ്ങള്‍ സനാതന ധര്‍മ്മം നിഷ്കര്‍ഷിക്കുന്നുണ്ട്. വൃക്ഷങ്ങളേയും സസ്യങ്ങളേയും പക്ഷിമൃഗാദികളേയും സ്നേഹവാത്സല്യത്തോടെ യജ്ഞ രൂപേണ വെള്ളവും വളവും ആഹാരവും നല്കി നിത്യേന പരിചരിക്കുന്ന കര്‍മ്മമാണ് ഭൂതയജ്ഞം. പ്രകൃതി സംരക്ഷണത്തിന് ഭാരതീയ ചിന്താധാര നല്കുന്ന സമാനതകളില്ലാത്ത മാതൃകയാണിത്.
ആകാശത്തിനും അന്തരീക്ഷത്തിനും ഭൂമിക്കും ജലത്തിനും വായുവിനും വൃക്ഷലതാദികള്ക്കുമെല്ലാം ഭൗതികവും ആദ്ധ്യാത്മികവുമായ ശാന്തി അര്‍ത്ഥിക്കുന്ന ഒരു വൈദിക പ്രാര്‍ത്ഥനയുണ്ട്. പ്രകൃതിക്കുപോലും ശാന്തികിട്ടാന്‍ പ്രാര്‍ത്ഥിക്കുന്ന നാടാണ് നമ്മുടെ ഭാരതം. ഭൂമിയും ജലവും വായുവും വൃക്ഷലതാദികളുമെല്ലാം മലിനീകരിക്കപ്പെടാതെയും നശിപ്പിക്കപ്പെടാതെയുമുള്ള സ്ഥിതിയുണ്ടങ്കിലേ മനുഷ്യന് സ്വാസ്ഥ്യവും ശാന്തിയും ഉണ്ടാകൂ. സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണത്തിന് അവശ്യം വേണ്ടത് ഈ തിരിച്ചറിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: