തിരുവനന്തപുരം: പാഠപുസ്തക ശില്‍പശാലയുടെ മറവില്‍ എസ്‌സിഇആര്‍ടി ഉദ്യോഗസ്ഥര്‍ വെട്ടിച്ചത് ലക്ഷങ്ങള്‍. ശില്‍പശാലയുടെ ചെലവുകണക്കില്‍ വ്യാജ ബില്ലുകള്‍. രണ്ടു പേരുടെ താമസത്തിന് അര ലക്ഷത്തിന്റെ ബില്‍. വെട്ടിപ്പു കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ ഒത്താശ ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
2023ല്‍ പാഠപുസ്തകം തയാറാക്കാന്‍ നടത്തിയ ശില്‍പശാലയുടെ മറവിലാണ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ പോക്കറ്റിലാക്കിയത്. ഓരോ ശില്‍പശാലയ്‌ക്കും ഓരോ ക്ലാര്‍ക്കിനാണ് ചുമതല. വിദഗ്ധരുടെയും അദ്ധ്യാപകരുടെയും താമസം, ഭക്ഷണം മുതല്‍ പേന വരെ വാങ്ങാന്‍ ഒരു ലക്ഷം മുതലുള്ള തുകകളാണ് ഉദ്യോഗസ്ഥരെ ഏല്‍പിക്കുന്നത്. ശില്‍പശാലയില്‍ പങ്കെടുക്കുന്നവര്‍ കൂടുന്നതനുസരിച്ച് ലക്ഷങ്ങളും വര്‍ധിക്കും. ഉദ്യോഗസ്ഥന്‍ നല്കുന്ന ബില്‍ പാസാക്കുകയാണു പതിവ്. എന്നാല്‍ ഇത്തവണ ഫിനാന്‍സ് ഓഫീസറുടെ പരിശോധനയില്‍ വെട്ടിപ്പു പുറത്താകുകയായിരുന്നു.
2023 മാര്‍ച്ച് മൂന്നു മുതല്‍ ആറു വരെ തിരൂര്‍ മലയാളം യൂണിവേഴ്‌സിറ്റിയിലും സമീപത്തെ ഹോട്ടലിലുമായി പാഠപുസ്തക രചന ശില്‍പശാല നടത്തിയ സെക്ഷന്‍ ക്ലാര്‍ക്കിന്റെ വെട്ടിപ്പാണ് പുറത്തായത്. ഹോട്ടലില്‍ അദ്ധ്യാപകര്‍ താമസിച്ചതിന് 50,000 രൂപയുടെ ബില്ലാണ് ഉദ്യോഗസ്ഥന്‍ നല്കിയത്. 20,000 രൂപയുടെ വീതം രണ്ടു ബില്ലുകളും 10,000 രൂപയുടെ ഒരു ബില്ലും. ഹോട്ടലില്‍ താമസിച്ചതാകട്ടെ രണ്ടു പേരും. സംശയം തോന്നിയ ഫിനാന്‍സ് ഓഫീസര്‍ ഹോട്ടലുമായി ബന്ധപ്പെട്ടതോടെ വെട്ടിപ്പു പുറത്തായി. അവിടത്തെ ബില്‍ കോപ്പിയിലുള്ളത് 2000 രൂപ മാത്രം. ഇതോടെ ഫിനാന്‍സ് ഓഫീസര്‍ വിശദീകരണം ചോദിച്ചു. വിശദീകരണം തൃപ്തികരമല്ലെന്നു ഫയലില്‍ കുറിച്ച് സൂപ്രണ്ടിനയച്ചു. വെട്ടിപ്പു നടത്തിയ ക്ലാര്‍ക്ക് എന്‍ജിഒ യൂണിയന്‍ ഭാരവാഹിയുടെ ബന്ധുവാണ്. സൂപ്രണ്ട് എന്‍ജിഒ പ്രവര്‍ത്തകനും. ഇതോടെ ഫിനാന്‍സ് ഓഫീസറുടെ കുറിപ്പ് സൂപ്രണ്ട് തള്ളിക്കളഞ്ഞു.
സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഫയല്‍ മന്ത്രിയുടെ ഓഫീസിലേക്കു വരുത്തി. പക്ഷേ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. എന്‍ജിഒ യൂണിയന്‍ സംസ്ഥാന ഭാരവാഹി ഇടപെട്ട് സംഭവം ഒതുക്കിത്തീര്‍ക്കുകയാണെന്ന് എസ്‌സിഇആര്‍ടി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
വെട്ടിപ്പു നടത്തിയ ക്ലാര്‍ക്ക് 2023ല്‍ കരിക്കുലം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനു ശേഷം മാസത്തില്‍ കുറഞ്ഞത് നാലു ശില്‍പശാലകള്‍ നടത്തിയിട്ടുണ്ട്. അതിലെല്ലാം വെട്ടിപ്പുണ്ടെന്നാണ് സൂചന. മാത്രമല്ല, പാഠ പുസ്തക നിര്‍മാണം, കരിക്കുലം തയാറാക്കല്‍ തുടങ്ങി എസ്‌സിഇആര്‍ടി നടത്തുന്ന ഒട്ടുമിക്ക ശില്‍പശാലകളിലും സമാന രീതിയിലുള്ള വെട്ടിപ്പു നടക്കുന്നെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. പുറത്തായ വെട്ടിപ്പില്‍ നടപടിയുണ്ടായാല്‍ എന്‍ജിഒ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ശില്പശാലകളിലെ വെട്ടിപ്പും പുറത്താകും. ഇതാണ് മന്ത്രി ഫയലില്‍ നടപടിയെടുക്കാത്തതിനു പിന്നിലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: