ന്യൂദല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി പേരു നിര്‍ദേശിച്ചെങ്കിലും സ്ഥാനമേറ്റെടുക്കാന്‍ തയാറാകാതെ രാഹുല്‍. സഭാ സമ്മേളനം നടക്കുമ്പോള്‍ കൃത്യമായി പങ്കെടുക്കുകയും പ്രതിപക്ഷ നിലപാടുകള്‍ വ്യക്തമാക്കുകയും സഭാ നടപടികളിലും ചര്‍ച്ചകളിലും സജീവമായി ഇടപെടുകയും ചെയ്യേണ്ട ഭാരിച്ച ചുമതല പ്രതിപക്ഷ നേതാവിനുണ്ട്. അത്തരം ചുമതല ഏറ്റെടുത്തു നടത്താനുള്ള താത്പര്യമില്ലായ്മയാണ് സ്ഥാനമേറ്റെടുക്കുന്നതിലെ വൈമുഖ്യത്തിന്റെ കാരണം.
ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുലിനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പരിശോധിക്കാമെന്നും തീരുമാനം പിന്നീട് അറിയിക്കാമെന്നുമാണ് രാഹുലിന്റെ മറുപടി. പത്തു വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസിന് ലോക്സഭയില്‍ ഔദ്യോഗിക പ്രതിപക്ഷ നേതൃപദവി ലഭിക്കുന്നത്. ലോക്സഭയുടെ 10 ശതമാനം എംപിമാരുണ്ടെങ്കിലേ പ്രതിപക്ഷ പദവി ലഭിക്കൂ.
2014ലും 2019ലും കോണ്‍ഗ്രസിന് മതിയായ എംപിമാരുണ്ടായിരുന്നില്ല. രാഹുല്‍ സ്ഥാനം ഏറ്റെടുക്കില്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തെത്താനുള്ള മോഹവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നീക്കങ്ങള്‍ ആരംഭിച്ചു. ആസാമില്‍ നിന്നുള്ള ഗൗരവ് ഗഗോയിയും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍ പേഴ്സണായി രാജ്യസഭാംഗമായ സോണിയയെ തെരഞ്ഞെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് സോണിയയെ നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: