മുംബൈ: ഒളിച്ചോടുന്നതല്ല, കോട്ട പിടിക്കുന്നതാണ് മറാഠാ പാരമ്പര്യമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാല് എങ്ങോട്ടെങ്കിലും ഓടിപ്പോകുന്നു എന്നല്ല, ഞങ്ങള്‍ കോട്ട വീണ്ടും ജയിക്കുക തന്നെ ചെയ്യും, ഫഡ്നാവിസ് പറഞ്ഞു. മുംബൈയില്‍ ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള് മുംബൈയില്‍ രണ്ട് ലക്ഷം വോട്ട് അധികം നേടി. എന്നിട്ടും രണ്ട് സീറ്റ് മാത്രമാണ് ജയിച്ചത് അവര്‍ നാല് സീറ്റ് നേടുകയും ചെയ്തു. അവര്‍ നുണപ്രചാരണമാണ് നടത്തിയത്. ബിജെപി ജയിച്ചാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന് അവര്‍ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി മോദി ഭരണഘടനയെ തൊഴുതാണ് ചുമതലയേല്‍ക്കുന്നത്. അദ്ദേഹം അത് പവിത്രമായി കാണുന്നു. മറാഠ സംവരണം എന്ന പ്രചാരണവും ബിജെപിക്കെതിരായ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഫഡ്നാവിസ് പറഞ്ഞു. മറാഠ ജനതയുടെ വോട്ട് കൊണ്ടല്ല ഉദ്ധവിന്റെ പാര്‍ട്ടി സീറ്റുകള്‍ നേടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്നോട്ടുപോകുന്നതിന്റെ കാരണങ്ങള്‍ നമുക്ക് അറിയാം. അതുകൊണ്ട് മുന്നേറാനും നമ്മളെ ആരും പഠിപ്പിക്കേണ്ടതില്ല. മഹാരാഷ്ട്രയ്ക്ക് ഒരു പാരമ്പര്യമുണ്ട്. എല്ലാ കോട്ടകളും നമ്മള് പിടിച്ചെടുത്തതാണ്. കൂടുതല്‍ വിജയത്തിനായി പരിശ്രമിക്കേണ്ടിവരും. സമാനതകളില്ലാത്ത പോരാട്ട വീര്യവുമായാണ് വീരശിവാജി കോട്ടകള്‍ വാണതെന്ന് ഓരോ പാര്‍ട്ടിപ്രവര്‍ത്തകനും ഓര്‍ക്കണമെന്ന് ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: