വാഷിംഗ്ടണ്‍: ബഹിരാകാശ യാത്രികനും അപ്പോളോ 8 ക്രൂ അംഗവുമായ വില്യം ആന്‍ഡേഴ്സ് (90) വിമാനാപകടത്തില്‍ മരിച്ചു. വാഷിംഗ്ടണിലെ സാന്‍ ജുവാന്‍ ദ്വീപില്‍ വച്ച് ആന്‍ഡേഴ്സ് പറത്തിയ വിമാനം അപകടത്തില്‍ പെടുകയായിരുന്നു. ദ്വീപിന്റെ തീരത്ത് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മുങ്ങല്‍ വിദഗ്ധരാണ് വില്യം ആന്‍ഡേഴ്സിന്റെ മൃതദേഹം കണ്ടെത്തിയത്.
1964 ലാണ് അദ്ദേഹത്തെ ബഹിരാകാശ സഞ്ചാരിയായി നാസ തിരഞ്ഞെടുത്തത്. തുടര്‍ന്ന് 1966ലെ ജെമിനി 11 ദൗത്യത്തിനും 1969ലെ അപ്പോളോ 11 ദൗത്യത്തിനും അദ്ദേഹം ബാക്കപ്പ് പൈലറ്റായി പ്രവര്‍ത്തിച്ചു. 1968ലെ അപ്പോളോ8 ദൗത്യത്തിന്റെ ഭാഗമായതോടെയാണ് ബഹിരാകാശ ഗവേഷണരംഗത്ത് വില്യം ആന്‍ഡേഴ്സ് ശ്രദ്ധിക്കപ്പെടുന്നത്.
വില്യമിനെ കൂടാതെ ഫ്രാങ്ക് ബോര്മാന്, ജെയിംസ് ലോവെല്‍ എന്നിവരായിരുന്നു അന്ന് പേടകത്തിലുണ്ടായിരുന്നത്. ദൗത്യത്തില്‍ ചന്ദ്രനെ വലം വയ്ക്കുന്നതിനിടെയാണ് നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയുടെ ചിത്രം വില്യം ആന്‍ഡേഴ്സ് പകര്‍ത്തുന്നത്.
1968 ല്‍ ടൈം മാഗസിന്റെ മെന്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് വില്യം ഉള്‍പ്പെടുന്ന അപ്പോളോ 8 ദൗത്യ സംഘം അര്‍ഹരായിരുന്നു.1969 മുതല്‍ 1973 വരെ നാഷണല്‍ എയറോനോട്ടിക്സ് ആന്റ് സ്പേസ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായും വില്യം ആന്‍ഡേഴ്സ് സേവനമനുഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: