പാലക്കാട്: മഴക്കാലത്ത് ഞാവല്‍പ്പഴം തിന്നണോ എന്നാല്‍ ഇത്തവണ നല്ലവില നല്‍കേണ്ടിവരും. ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കഴിഞ്ഞതിനാല്‍ ഇത്തവണ കിലോക്ക് 400 രൂപ വരെയുണ്ട്. സീസണില്‍ 150 – 200 രൂപവരെയുള്ള ഞാവല്‍പ്പഴത്തിനിപ്പോള്‍ നല്ലവിലയാണ്.
പാതയോരങ്ങളില്‍ സൈക്കിളുകളിലും മറ്റും വില്‍പ്പന നടത്തുന്ന സംഘങ്ങളാകട്ടെ കാല്‍ക്കിലോക്ക് 150 രൂപ വരെ വാങ്ങുന്നുണ്ട്. എന്നാല്‍ ചില പഴക്കടകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും കിലോക്ക് 360 രൂപ വരെയുണ്ട്. നെല്ലിയാമ്പതി, നെന്മാറ, അട്ടപ്പാടി മേഖലകളില്‍ നിന്നും വരുന്ന ഞാവല്‍പ്പഴങ്ങളാണിപ്പോള്‍ വിപണിയിലുള്ളത്. പടിഞ്ഞാറന്‍ മേഖലയില്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കഴിഞ്ഞതും പ്രാദേശികമായി ഞാവല്‍പ്പഴങ്ങളില്ലാത്തതുമാണ് വില കൂടാന്‍ കാരണം. മലയാളികളുടെ ഇഷ്ട പഴങ്ങളില്‍ ഒന്നാണ് ഞാവല്‍പ്പഴമെന്നിരിക്കെ വില കൂടിയാലും ആവശ്യക്കാരേറെയാണ്.
ദേശീയ – സംസ്ഥാനപാതകളിലൊക്കെ ഞാവല്‍പ്പഴം വില്‍ക്കുന്നവരെ കാണാം ഞാവല്‍പ്പഴം ധാരാളമായി എത്തിത്തുടങ്ങുമ്പോള്‍ വില 200ലും താഴെയെത്തുമെങ്കിലും ഇപ്പോള്‍ വില കൂടുതല്‍ കാരണം കുറച്ച് വാങ്ങുന്നവരാണ്. പച്ചക്കറി – മത്സ്യ – മാംസാദികള്‍ക്കെല്ലാം വില കൂടുമ്പോഴും പഴവര്‍ഗങ്ങള്‍ക്ക് വിപണിയില്‍ നേരിയ ആശ്വാസമുണ്ട്. നേന്ത്രപ്പഴത്തിന് 60-65 രൂപയിലെത്തി നില്‍ക്കുമ്പോള്‍ 80 രൂപ കടന്ന പൈനാപ്പിളും 40 രൂപയില്‍ താഴെയായി. ഞാവല്‍പ്പഴവും ഇലന്തിപ്പഴവുമെല്ലാം നൊല്‍സ്റ്റാജിയയാണെങ്കിലും ന്യൂജെന്‍ ഫ്രൂട്ട്‌സുകള്‍ക്കു പുറകെ പോകുന്ന മലയാളികള്‍ക്ക് ഇത്തവണ ഞാവല്‍പ്പഴത്തിന്റെ രുചിയറിയണേല്‍ നല്ല വില കൊടുക്കണമെന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: