ന്യൂദല്‍ഹി: ദേശീയ ജനാധിപത്യ സഖ്യം കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്തു പ്രവര്‍ത്തിക്കുന്ന മഹാസഖ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രഭരണത്തില്‍ അഞ്ചുവര്‍ഷം തികച്ചുകൊണ്ട് മൂന്നുതവണ കരുത്തുകാട്ടിയ സഖ്യമാണ് എന്‍ഡിഎ.
നാലാം തവണയും സഖ്യം അഞ്ചുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കും. എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയിലെ വിശ്വാസം അതിശക്തമാണെന്നും വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തുടലെടുത്ത നൈസര്‍ഗിക സഖ്യമാണിത്. ഭാരതത്തിന്റെ ആത്മാവിന്റെ പ്രതീകമാണ് ഈ സഖ്യം. അടല്‍ ബിഹാരി വാജ്പേയിയും ബാല്‍താക്കറെയും പ്രകാശ് സിങ് ബാദലും ജോര്‍ജ് ഫെര്‍ണാണ്ടസും അടക്കമുള്ള നേതാക്കള്‍ തുടക്കമിട്ട മുന്നണിയാണിത്. അവര്‍ പാകിയ വിത്ത് ഇന്നൊരു വടവൃക്ഷമാണ്. സദ്ഭരണമാണ് എന്‍ഡിഎയുടെ മുഖമുദ്ര. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വിജയകരമായ രാഷ്ട്രീയ സഖ്യമാണിത്. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന സക്രിയമായ മുന്നണിയാണ് എന്‍ഡിഎയെന്നും നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
കൂടുതല്‍ ശക്തമായി രാജ്യവികസനത്തിനായി പ്രവര്‍ത്തിക്കും. ന്യൂ, ഡവലപ്ഡ്, ആസ്പിരേഷണല്‍ ഇന്ത്യ… ഇതാണ് എന്‍ഡിഎ. ഈ ലക്ഷ്യം കൈവരിക്കാനുള്ള റോഡ് മാപ്പ് ഞ്ങ്ങളുടെ കൈവശമുണ്ട്. അഴിമതിരഹിത, സുസ്ഥിര ഭരണം കാഴ്ചവയ്ക്കും. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. പത്തുവര്‍ഷം കൊണ്ട് 3 കോടി പാവപ്പെട്ടവര്‍ക്ക് വീട് നല്കി. മൂന്നുകോടി പുതിയ വീടുകള്‍ കൂടി നല്‍കും. മധ്യവര്‍ഗം, രാജ്യത്തിന്റെ വളര്‍ച്ചയിലെ ശക്തിയാണ്. വനിതാ സംവരണം രാജ്യത്ത് നടപ്പാക്കി. എന്‍ഡിഎയുടെ പുതിയ ഭരണകാലം വികസനത്തിന്റേതാണ്. മൂന്നാം സാമ്പത്തിക ശക്തിയായി ഈ കാലത്ത് നമ്മള് ഉയരും. സഹകരണ ഫെഡറലിസം എന്നതിനെ മത്സരാത്മക സഹകരണ ഫെഡറലിസം എന്നാക്കി മാറ്റി സംസ്ഥാനങ്ങള്‍ക്കിടയില്‍ വികസനത്തിന് വേണ്ടിയുള്ള മത്സരം സൃഷ്ടിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: