കൊല്‍ക്കത്ത: സാള്‍ട്ട്‌ലേക്കില്‍ കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തോടെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിക്ക് സൈനിക ആദരവ്. കൊല്‍ക്കത്ത വിവേകാനന്ദ യുബ ഭാരതി ക്രീഡാംഗനിലാണ് ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് ഛേത്രിക്ക് രാജകീയ യാത്രയയപ്പ് ഒരുക്കിയത്.
ബിഹാര്‍ റെജിമെന്റിന്റെ 14, 15 ബറ്റാലിയനുകള്‍ സുനില്‍ ഛേത്രിയെ ആദരിച്ച് ബാന്‍ഡ് വാദനം നടത്തി. ബ്യൂഗിള്‍ വാദനത്തിന്റെ അകമ്പടിയോടെയാണ് സൈന്യം ഛേത്രിയെ വേദിയിലേക്ക് ആനയിച്ചത്. ഛേത്രിയുടെ 11-ാം നമ്പര്‍ ജേഴ്സിയോട് സാമ്യമുള്ള ട്രോഫിയുടെ രൂപത്തിലുള്ള ശില്പമാണ് സൈന്യം ഛേത്രിക്ക് സമ്മാനിച്ചത്.
കളിക്കളത്തിലും പുറത്തും സൈനികന്റെ വീര്യവും പ്രതിബദ്ധതയും സമര്‍പ്പണഭാവവും പ്രകടിപ്പിച്ച താരമാണ് ഛേത്രിയെന്ന് പ്രശസ്തി ശില്പം സമ്മാനിച്ച് സംസാരിച്ച ഈസ്റ്റേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ രാം ചന്ദര്‍ തിവാരി പറഞ്ഞു. സുനില്‍ ഛേത്രി യുവാക്കള്‍ക്ക് മാതൃകയാണ്. രാജ്യത്തിനായി കളിക്കുന്നതിലെ അഭിമാനബോധമാണ് അദ്ദേഹത്തിന്റെ പ്രകടനമികവിന് കാരണം, തിവാരി പറഞ്ഞു.
ഈസ്റ്റേണ്‍ കമാന്‍ഡിലെ വിഎസ്എം ചീഫ് ഓഫ് സ്റ്റാഫ് എച്ച്ക്യു ലെഫ്റ്റനന്റ് ജനറല്‍ ശ്രീകാന്ത്, വിഎസ്എം ജിഒസി ബംഗാള്‍ സബ് ഏരിയ മേജര്‍ ജനറല്‍ രാജേഷ് അരുണ്‍ മോഗെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സൈന്യവുമായുള്ള തന്റെ ആത്മബന്ധം അനുസ്മരിച്ചാണ് സുനില്‍ ഛേത്രി നന്ദി പറഞ്ഞത്. അച്ഛന്‍ കെ.ബി. ഛേത്രി ആര്‍മിയിലെ കോര്‍പ്‌സ് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു. ദല്‍ഹിയിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ നിന്നാണ് ഞാന്‍ ഫുട്‌ബോളിലേക്ക് തിരിയുന്നത്, സുനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: